KeralaLatest NewsNews

ദേശീയ പതാക ഉയര്‍ത്തിയാല്‍ മാത്രം ദേശീയതയോടുളള വിരോധം ഇല്ലാതാകില്ല: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വി.മുരളീധരന്‍

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയ സിപിഎമ്മിന്റെ നടപടിയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വാതന്ത്ര്യ പുലരിയില്‍ ചെങ്കൊടിയും കരിങ്കൊടിയും ഉയര്‍ത്തി സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് 75-ാം വര്‍ഷത്തില്‍ വീണ്ടു വിചാരമുണ്ടായെന്നും ഇതിന് കാരണം ബിജെപിയ്ക്ക് രാജ്യം നല്‍കുന്ന പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ‘ജനങ്ങള്‍ ഭയപ്പെടരുത്, ക്രമസമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്’: ക്രൂരതകൾ തുടരുമ്പോഴും താലിബാന്റെ വാക്കുകൾ ഇങ്ങനെ..

സ്വാതന്ത്ര്യസമര കാലം മുതല്‍ വിദേശികള്‍ക്ക് രാജ്യത്തെ ഒറ്റു കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന് വി.മുരളീധരന്‍ വിമര്‍ശിച്ചു. ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍ സംഘപരിവാറിനെ ദേശസ്‌നേഹം പഠിപ്പിക്കുന്ന പരിഹാസ്യമായ നിലപാടും ഇക്കാലമത്രയും കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദേശീയഗാനവും ദേശീയ പതാകയുമടക്കം ഇന്ത്യന്‍ ദേശീയതയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിഹ്നമായി ചിത്രീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു. സ്വാതന്ത്ര്യ പുലരിയില്‍ ചെങ്കൊടിയും കരിങ്കൊടിയും ഉയര്‍ത്തി സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് 75ാം വര്‍ഷത്തില്‍ വീണ്ടു വിചാരമുണ്ടായിരിക്കുന്നു.

ഈ വീണ്ടുവിചാരം അവര്‍ക്ക് നല്‍കിയത് ഭാരതീയ ജനത പാര്‍ട്ടിക്ക് ഈ രാജ്യം നല്‍കുന്ന പിന്തുണയാണ്. സ്വാതന്ത്ര്യസമര കാലം മുതല്‍ വിദേശികള്‍ക്ക് രാജ്യത്തെ ഒറ്റു കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍ സംഘപരിവാറിനെ ദേശസ്‌നേഹം പഠിപ്പിക്കുന്ന പരിഹാസ്യമായ നിലപാടും ഇക്കാലമത്രയും കണ്ടു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കിയതെങ്ങനെയെന്ന് പാര്‍ട്ടി സ്റ്റഡി ക്ലാസുകളില്‍ പഠിപ്പിക്കണം. സ്വതന്ത്ര ഇന്ത്യയില്‍ അധികാരം പിടിക്കാന്‍ ചരിത്രത്തെ വളച്ചൊടിച്ചവരാണ് 75 വര്‍ഷത്തെ കറുത്ത അധ്യായം മായ്ക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഹിന്ദുവും ഹൈന്ദവ ദേശീയതയും ഭീഷണിയെന്ന പ്രചാരണത്തിലൂടെ ഇന്നും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടരുന്നു. പതാക ഉയര്‍ത്തിയാല്‍ മാത്രം ഇന്ത്യന്‍ ദേശീയതയോടും ഭൂരിപക്ഷ സമുദായത്തോടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ വിരോധം ഇല്ലാതാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button