KeralaLatest News

മലപ്പുറത്ത് സ്ത്രീയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് വീടുകയറി സദാചാര ഗുണ്ടകളുടെ ആക്രമണം: അധ്യാപകന്‍ തൂങ്ങി മരിച്ചു

പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അദ്ധ്യാപകനും സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്.

മലപ്പുറം: വീട് കയറിയുള്ള ആക്രമണത്തിനിരയായ അധ്യാപകനെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. മലപ്പുറം വലിയോറ സ്വദേശി സുരേഷ് ചാലിയത്തിനെ(44)യാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അദ്ധ്യാപകനും സിനിമാ സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്.

കഴിഞ്ഞദിവസം സദാചാരഗുണ്ടകളായ ഒരു സംഘം സുരേഷിനെ വീട്ടില്‍ കയറി ആക്രമിച്ചതായും ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ.

സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച്‌ അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു. അക്രമിസംഘം അസഭ്യവര്‍ഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച്‌ ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാര്‍ അടക്കമുള്ളവര്‍ പറയുന്നത്.

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനുമായിരുന്നു സുരേഷ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button