റാന്നി: ക്ഷേത്രത്തിലെ ഭണ്ഡാരവും, പള്ളിയുടെ കുരിശടിയും തകര്‍ത്ത് മോഷണം നടത്തിയ പ്രതികളെ നാടകീയമായി പിടികൂടി പോലീസ്. ചെറുകുളഞ്ഞി, പരുത്തിക്കാവ് ക്ഷേത്ര ഭണ്ഡാരവും അഞ്ചാനി സെന്റ് മേരീസ് പള്ളിയുടെ കുരിശടിയും തകര്‍ത്ത് മോഷണം നടത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളായ എസ്.എസ് സതീഷ്(44), സഹായി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മേലേമുറിയില്‍ എം.എസ്. തോമസ് (ഷാജി -47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണം നടത്തിയ പ്രതികൾ റാന്നിയിലെ സര്‍ക്കാര്‍ മദ്യവില്പനശാലയില് നിന്ന് പത്തിന്റെ നോട്ടുകള്‍ മാത്രം നല്കി മദ്യം വാങ്ങിയിരുന്നു. തുടർന്ന് സംശയം തോന്നിയ മദ്യവിൽപ്പനശാലാ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. റാന്നി ടൗണിലെ ഇറച്ചിക്കടയിലും ഇവര്‍ മോഷണം നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായ പ്രതി സതീഷ് തണ്ണിത്തോട്ടിലെ കൊലപാതക കേസിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് സംഭവ സ്ഥലത്തെത്തിച്ച പ്രതികളുടെ പക്കല്‍നിന്ന് തൊണ്ടിമുതലും പോലീസ് കണ്ടെടുത്തു.
Post Your Comments