തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സി പി എമ്മിന് മുൻപ് തന്നെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആണ് പാർട്ടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. രണ്ട് വർഷം മുൻപ് തട്ടിപ്പിനെ കുറിച്ചും പ്രതിയായ ബിജുവിനെതിരെയും ശബ്ദമുയർത്തിയെങ്കിലും അന്ന് തന്നെ താക്കീത് ചെയ്യുകയായിരുന്നു പാർട്ടി ചെയ്തതെന്ന് സുജേഷ് പറയുന്നു. തട്ടിപ്പിനെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും പ്രാദേശിക നേതാക്കൾ പരാതികൾ മുക്കിയെന്നും സുജേഷ് ആരോപിക്കുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുൾപ്പെടെയുള്ള നാല് പേരെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. സി പി എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ചീഫ് അക്കൗണ്ടന്റ് സി.കെ.ജിൽസും അടക്കം നാല് പേരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
പ്രതികളുടെ വരുമാനവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടക്കുകയാണ്. സംസ്ഥാനത്തിന്റെ പലയിടത്തും ഇവർ നിക്ഷേപം നടത്തിയതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ രജിസ്ട്രർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകൾക്കായാണ് അന്വേഷണ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയത്. തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
Post Your Comments