പാരിപ്പള്ളി: കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് വൃദ്ധയുടെ മത്സ്യം അഴുക്കുചാലിൽ കളഞ്ഞ സംഭവത്തിൽ പോലീസിനെതിരെ പ്രതിഷേധം ശക്തം. പാമ്പുറത്ത് മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളുമാണ് പാരിപ്പള്ളി പോലീസ് ചഅഴുക്ക് ചാലിൽ കളഞ്ഞത്. ‘ഡി’ വിഭാഗത്തിൽ പെട്ട പ്രദേശമാണെങ്കിലും തിരക്കുകൾ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്നുവെന്നും ആ സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നും മേരി പറയുന്നു. ‘എടുത്ത് മാറ്റിക്കോളാം സാറെ എന്ന് ‘ കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല എന്നാണ് യുവതിയുടെ പരാതി.
പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് പാത്രത്തിൽ ഉണ്ടായിരുന്നതെന്നും ആകെ അഞ്ഞൂറ് രൂപയ്ക്ക് മാത്രമേ കച്ചവടം നടന്നൊള്ളു എന്നും മേരി പറയുന്നു. പുലർച്ചെ രണ്ട് മണി മുതലുള്ള അധ്വാനമാണ് പോലീസ് ചവറുകൂനയിൽ വലിച്ചെറിഞ്ഞത്. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചതെന്ന് സമീപവാസികൾ പറയുന്നു.
ജനമൈത്രി പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി മനുഷ്യത്വ രഹിതമാണെന്നും കോവിഡ് മാനദണ്ഡം പാലിച്ചില്ല എങ്കിൽ പിഴ ഈടാക്കമായിരുന്നു എന്നും നാട്ടുകാർ പറയുന്നു. മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെടുന്നത്. പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments