തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മൊഴി മാറ്റാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതി സരിത്ത് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. പരാതിയെ തുടർന്ന് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സരിത്ത് പരാതി നല്‍കിയിരുന്നത്.
തുടര്‍ന്ന് ദക്ഷിണ മേഖലാ ഡിഐജി ജയിലില്‍ എത്തി പരിശോധന നടത്തി. എന്നാല്‍ സരിത്ത് അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ജയില്‍ ഉദ്യോഗസ്ഥര്‍ മൊഴി മാറ്റാന്‍ സരിത്തിനെ ഭീഷണിപ്പെടുത്തുന്നു എന്നുളള പരാതി വാസ്തവ വിരുദ്ധമാണ് എന്നാണ് ദക്ഷിണ മേഖലാ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സരിത്തിന്റെ പരാതി സംബന്ധിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജയില്‍ ഉദ്യോഗസ്ഥരെ മനപ്പൂര്‍വ്വം കുടുക്കാനുളള ശ്രമം ആണോ എന്നത് അടക്കമുളള കാര്യങ്ങളിലാണ് ആഭ്യന്തര വകുപ്പ് ഇപ്പോള്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ആഭ്യന്തര സെക്രട്ടറി ടികെ ജോസിന് സമര്‍പ്പിക്കണം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ജയില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഡിജിപിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍ ജീവനക്കാരനായിരുന്ന ബോസ് ഇവര്‍ക്ക് സഹായം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നടപടി എടുത്ത സംഭവവും പുതിയ അന്വേഷണത്തിന്റെ ഭാഗമായി വന്നേക്കും.
Post Your Comments