കുട്ടനാട്: മെഡിക്കൽ ഓഫീസറെ മർദ്ദിച്ച് സിപിഎം നേതാക്കൾ. വാക്സിന് വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നാണ് മർദ്ദനം. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ മൂന്ന് സി.പി.എം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. പ്രസാദ്, ലോക്കല്‍ സെക്രട്ടറി രഘുവരന്‍, പ്രവര്‍ത്തകന്‍ വിശാഖ് വിജയന്‍ എന്നിവര്‍ക്കെതിരെ നെടുമുടി പൊലീസാണ് കേസെടുത്തത്. കൈനകരിയിലെ വാക്സിന് കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശരത്ചന്ദ്ര ബോസിനാണ് മര്‍ദനമേറ്റത്.
ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വാക്സിനേഷനുശേഷം മിച്ചമുണ്ടായിരുന്ന വാക്സിന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് 10പേരുടെ ലിസ്റ്റ് നല്‍കി അവര്‍ക്ക് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കിടപ്പുരോഗികള്‍ക്കായി മാറ്റിവെച്ചതാണെന്ന് പറഞ്ഞപ്പോള്‍ തര്‍ക്കമായി. തുടര്‍ന്ന് കഴുത്തിനുകുത്തിപ്പിടിച്ച് മര്‍ദനത്തിന് ശ്രമിച്ചതായി ഡോ. ശരത്ചന്ദ്രബോസ് പറഞ്ഞു. വാക്സിന് കൊടുക്കാതെ കൈനകരിവിട്ട് പുറത്തുപോകില്ലെന്ന് ഭീഷണിമുഴക്കിയതോടെ കുതറിയോടി മുറിയില്‍ കയറി കതകടച്ചു. രണ്ടുമണിക്കൂറിലേറെ നേരം ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവെച്ചതിനുശേഷം പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.
അതേസമയം, വാക്സിന് ഉണ്ടായിട്ടും രാവിലെ മുതല്‍ കാത്തുനിന്നവര്‍ക്ക് നല്‍കാതെ മടക്കി അയച്ച മെഡിക്കല്‍ ഓഫിസറുടെ നടപടിയില്‍ പ്രതിഷേധിക്കുക മാത്രമാണെന്നും ഡോക്ടറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. പ്രസാദ് പറഞ്ഞു. ഡ്യൂട്ടി ഡോക്ടറെ ജോലി തടസ്സപ്പെടുത്തി കൈയേറ്റം ചെയ്തു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മാവേലിക്കരക്ക് പിന്നാലെ കുട്ടനാട്ടിലും ഡോക്ടറെ ആക്രമിച്ചസംഭവത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ.ജി.എം.ഒ.
Post Your Comments