ലക്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ബിജെപി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്.
യോഗി ആദിത്യനാഥിന് വേണ്ടി മണ്ഡലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അയോധ്യ എംഎല്‍എ വേദ് പ്രകാശ് ഗുപ്ത അറിയിച്ചു. യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിച്ചാല്‍ അത് അയോധ്യയിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് മുന്നിട്ടിറങ്ങുമെന്നും എംഎല്‍എ വ്യക്തമാക്കി. യോഗി അയോധ്യയില്‍ മത്സരിക്കുകയാണെങ്കില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും വേദ് പ്രകാശ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം, യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തി. കഴിഞ്ഞ 4 വര്‍ഷം അയോധ്യയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോവിഡ് മരണങ്ങളുടെയും തൊഴിലില്ലായ്മയുടെയും സ്ത്രീ പീഡനങ്ങളുടെയും കണക്കുകള്‍ വ്യക്തമാക്കി അതിന് മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രാജ്പുത് ആവശ്യപ്പെട്ടു. സമാനമായ പ്രതികരണമാണ് സമാജ്‌വാദി പാര്‍ട്ടിയും നടത്തിയിരിക്കുന്നത്.
Post Your Comments