ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്ന സാഹചര്യത്തില്‍ പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സെക്ടര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പാകിസ്താന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
ഫെബ്രുവരിയിലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സെക്ടര്‍ കമാന്‍ഡര്‍തല ചര്‍ച്ച നടത്തുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമുള്ള സുചേത്ഗഡ് മേഖലയിലാണ് ഇരുരാജ്യങ്ങളുടെയും സേനാ വിഭാഗങ്ങള്‍ ചര്‍ച്ച നടത്തിയത്. പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതും തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ത്യ മുന്നോട്ടുവെച്ചു.
ഡിഐജി സുര്‍ജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ബിഎസ്എഫ് സംഘമാണ് പാകിസ്താന്‍ സേനയുമായി ചര്‍ച്ച നടത്തിയത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ആക്രമണത്തിനും ആയുധക്കടത്തിനും ഡ്രോണ്‍ ഉപയോഗിക്കുന്നതായി എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. ജൂണ്‍ 27ന് ജമ്മുവിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ഇരട്ട സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. അടുത്തിടെ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിടുകയും ചെയ്തിരുന്നു.
Post Your Comments