തൃശൂര്‍: കേരളം കണ്ടതിൽവച്ചു ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നിരിക്കുന്നത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധിപ്പേര്‍ക്ക് ജപ്തി നോട്ടീസ് വന്നതായി പരാതി. ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷ നല്‍കാത്തവര്‍ക്ക് പോലും ജപ്തി നോട്ടീസ് ലഭിച്ചു എന്നതാണ് വിചിത്രം. മൂന്ന് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ആളുകളുടെ പോലും ഭൂമി 50 ലക്ഷം രൂപയ്ക്കാണ് പണയം വച്ചിരിക്കുന്നതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇരിഞ്ഞാലക്കുടയിലെ ഓട്ടോ ഡ്രൈവര്‍ രാജു എന്നയാൾക്ക് 50 ലക്ഷം രൂപ ഉടന്‍ തിരിച്ചു അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രാജുവിന് ബാങ്കുമായി ബന്ധമൊന്നുമില്ല. ഒരു അംഗത്വം മാത്രമെ ഉള്ളൂ എന്ന് രാജു മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ബാങ്കുമായി പണമിടപാടുകളൊന്നും നടത്തിയിട്ടില്ല. ജപ്തി നോട്ടീസ് വന്നതോടെ ഇക്കാര്യം ബാങ്കിലെ മാനേജര്‍ ബിജു കരീമിനെ അറിയിച്ചെന്നും സാരമില്ലെന്നായിരുന്നു മറുപടിയെന്നും രാജു പറഞ്ഞു.അഡ്മിനിസ്ട്രേര്‍ക്കും രാജു പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയപരമായ ഒരു വലിയ വെല്ലുവിളിയാണ് കരുവന്നൂർ തട്ടിപ്പ് സി പി എമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. അന്വേഷണം ശക്തമാകുന്നതോടെ കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments