ദുബായ് : 50 ഡിഗ്രി വരെ ഉയര്‍ന്ന അന്തരീക്ഷ താപനിലയെ ചെറുക്കാന്‍ കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ . മേഘങ്ങള്‍ക്കിടയിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് അവയില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചാണ് മഴ പെയ്യിച്ചത്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദ്ധരുടെ ഗവേഷണമാണ് വൈദ്യുതിയുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കുന്ന വിദ്യ ഇപ്പോള്‍ യു.എ.ഇയില്‍ എത്തിച്ചിരിക്കുന്നത്. അതികഠിനമായ വരള്‍ച്ച നേരിടുന്ന രാജ്യങ്ങളില്‍ ഒന്നായ യു.എ.ഇ, ഇതിനായി 15 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൃത്രിമ മഴ പെയ്യിക്കുന്നതിന് ആവശ്യമായ അളവില്‍ മേഘങ്ങള്‍ യു.എ.ഇയുടെ ആകാശത്തിലുണ്ടെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ മാര്‍ട്ടിന്‍ ആംബൗം ഈ വര്‍ഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
വൈദ്യുത ചാര്‍ജ്ജ് വിസര്‍ജ്ജിക്കാന്‍ കെല്‍പ്പുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ മേഘക്കൂട്ടത്തിലേക്ക് പറത്തി മേഘങ്ങളില്‍ വൈദ്യൂതാഘാതം ഏല്‍പിച്ചാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നത്. ഇത്തരത്തില്‍ വൈദ്യുത ചാര്‍ജ്ജ് വിസര്‍ജ്ജിക്കപ്പെടുമ്പോള്‍ മേഘങ്ങള്‍ ഘനീഭവിക്കും. ഈ വിദ്യയാണ് യു.എ.ഇ ഉപയോഗിച്ചിരിക്കുന്നത്. വിമാനങ്ങളില്‍ പറന്നുയര്‍ന്ന് ലവണങ്ങളും മറ്റു ചില രാസവസ്തുക്കളും മേഘക്കൂട്ടത്തില്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യയും നിലവിലുണ്ട്.
Post Your Comments