![](/wp-content/uploads/2025/02/gjw74icwwaa2j0h.webp)
ദുബായ് : ഇന്ത്യക്കാർക്കുള്ള വിസ ഓൺ അറൈവൽ മാനദണ്ഡങ്ങളിൽ യു എ ഇ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ആറ് രാജ്യങ്ങളിൽ നിന്നുള്ള സാധുതയുള്ള വിസ, റെസിഡൻസി പെർമിറ്റ്, ഗ്രീൻ കാർഡ് എന്നിവയുള്ള ഇന്ത്യക്കാരെ കൂടി യുഎഇ ഓൺ അറൈവൽ വിസ അനുവദിക്കുന്ന പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം 2025 ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഫെബ്രുവരി 13 മുതൽ സാധാരണ ഇന്ത്യൻ പാസ്സ്‌പോർട്ട്, താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ള സാധുതയുള്ള വിസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് എന്നവിടെയുള്ള ഇന്ത്യക്കാർക്കാണ് യു എ ഇ പുതിയതായി വിസ ഓൺ അറൈവൽ സേവനം നൽകുന്നത്.
സിങ്കപ്പൂർ.
ജപ്പാൻ.
സൗത്ത് കൊറിയ.
ഓസ്ട്രേലിയ.
ന്യൂസീലാൻഡ്.
കാനഡ.
മേല്പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഇന്ത്യക്കാർക്ക് യു എ ഇയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിൽ നിന്നും വിസ ഓൺ അറൈവൽ സേവനം ലഭ്യമാക്കുന്നതാണ്. നേരത്തെ യു എസ് എ, യൂറോപ്യൻ യൂണിയൻ, യു കെ എന്നിവിടങ്ങളിൽ റെസിഡെൻസിയുള്ള ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത്.
ഇന്ത്യയും, യു എ ഇയും തമ്മിലുള്ള അതിശക്തമായ ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി ഇത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സേവനം ലഭിക്കുന്നതിന് ഇത്തരം ഇന്ത്യക്കാർക്ക് ആറ് മാസത്തെ പാസ്സ്‌പോർട്ട് സാധുത നിർബന്ധമാണ്. വിസ ഓൺ അറൈവൽ സേവനങ്ങൾക്ക് ഒരു നിശ്ചിത ഫീസ് നൽകേണ്ടതാണ്.
Post Your Comments