കൊല്ലം: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി പീഡന പരാതി നല്‍കിയ യുവതിയുടെ അച്ഛന്‍ രംഗത്ത്. പി സി ചാക്കോയ്ക്ക് അജണ്ടയുണ്ട്. തന്നെയെയും ഭാര്യയെയും എന്‍സിപിയില്‍ നിന്ന് പുറത്താക്കാനാണ് ചാക്കോയുടെ നീക്കമെന്നും ചാക്കോ പുണ്യാളന്‍ ചമയുകയാണെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചു. പരാതിയില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ചാക്കോ പല നേതാക്കൾ വഴി തന്നെ അറിയിച്ചു. തന്നെയെയും ഭാര്യയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. ഒന്നും അറിയാത്ത പോലെ ചാക്കോ പുണ്യാളന്‍ ചമയുകയാണ്. ചാക്കോയുടെ അറിവോടെയാണ് ശശീന്ദ്രന്‍ തന്നെ വിളിച്ചത്. പീഡനശ്രമത്തെക്കുറിച്ചും ചാക്കോ അറിഞ്ഞിരുന്നു. ഈ കേസില്‍ ചാക്കോയ്ക്ക് അജണ്ടയുണ്ട്’ – അദ്ദേഹം വ്യക്തമാക്കി.
മന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും തീരുമാനം. മന്ത്രി രാജിവയ്ക്കണമെന്ന നിലപാടിലാണ് യുവതി. മുഖ്യമന്ത്രിയുടെ നിലപാട് നിരാശപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം യുവതി വ്യക്തമാക്കിയിരുന്നു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് യുവതിയുടെ വീട് സന്ദര്‍ശിക്കും. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് സുരേന്ദ്രന്റെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കുണ്ടറയില്‍ സമരപരിപാടികള്‍ തുടരാനാണ് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച തീരുമാനം.
Post Your Comments