തൃശൂർ: ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പാക്കുന്നത് രാഹുൽ ഗാന്ധിയാണെന്ന രൂക്ഷ വിമർശനവുമായി എൻ.സി.പി നേതാവ് പി.സി. ചാക്കോ. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് മാറ്റങ്ങൾ അല്ലെന്നും വെറും കസേര കളിയാണെന്നും, രാജ്യത്ത് എല്ലായിടത്തും സാന്നിധ്യമുള്ള കോൺഗ്രസിന്റെ നേതൃത്വം പൂർണ പരാജയമാണെന്നും അദ്ദേഹം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ പരമ്പരാഗത ശൈലികളോട് രാഹുൽ ഗാന്ധിക്ക് വലിയ എതിർപ്പാണെന്നും പക്ഷേ ബദൽ മുന്നോട്ടു വയ്ക്കാനുമില്ലെന്ന് പി.സി. ചാക്കോ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്നും വിമുഖതയാണ് രാഹുലിന്റെ മുഖമുദ്ര എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം രാഷ്ട്രീയ വിവേകത്തോടെ ഒരിക്കൽ പോലും പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിക്കെതിരെ ഉള്ള പോരാട്ടത്തിന്റെ പ്രതീകമാകേണ്ട നേതാവാണ് രാഹുൽ എന്നും, ദക്ഷിണേന്ത്യയിൽ മത്സരിക്കണമെങ്കിൽ അതിനായി കർണാടക തിരഞ്ഞെടുക്കണമായിരുന്നു എന്നും പി.സി. ചാക്കോ പറഞ്ഞു. വയനാട്ടിൽ മത്സരിക്കാൻ രാഹുൽ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments