കണ്ണൂര്‍: മന്ത്രി എ കെ ശശീന്ദ്രനെ പിടിമുറുക്കി മറ്റൊരു വിവാദവും കത്തിക്കയറുന്നു. പരിക്കേറ്റ ചികിത്സയിലുള്ള പാമ്പിനെ കണ്ണൂര്‍ ഗവ.ഗെസ്റ്റ് ഹൗസിലേക്ക് എത്തിച്ചു പ്രദര്‍ശിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്. വാഹനം കയറി ചികിത്സയിലായിരുന്ന പെരുമ്പാമ്പിനെ മന്ത്രിയുടെ മുന്നിലെത്തിച്ചു പ്രദര്‍ശിപ്പിച്ചത് നിയമ വിരുദ്ധമായ കാര്യമാണ്. ഇത് നിയമവിരുദ്ധമാണെന്നും ക്രൂരതയാണെന്നും ഉയര്‍ത്തിക്കൊണ്ടു വന്നതാകട്ടെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനനും. സംഭവത്തെ ആസ്‌പദമാക്കി മേയർ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
Also Read:ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ
മന്ത്രി തന്നെയാണ് പാമ്പിനെ ഗെസ്റ്റ് ഹൗസില്‍ എത്തിച്ച് കാണുന്നതിന്റെ ചിത്രം തന്റെ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. 2020 ഒക്ടോബര്‍ 21നാണ് മേലെചൊവ്വയിലെ ദേശീയപാതയില്‍ വാഹനം കയറി പരുക്കേറ്റ നിലയില്‍ പൊലീസുകാര്‍ ഒരു പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. തുടർന്ന് അവര്‍ മലബാര്‍ അവെയര്‍നസ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകന്‍ രഞ്ജിത്ത് നാരായണനെ വിവരം അറിയിക്കുകയും, രഞ്ജിത്ത് പാമ്പിനെ ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
ചികില്‍സിച്ച് ഭേദമാക്കി പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെത്തിച്ച പാമ്പിനെ ആവാസ വ്യവസ്ഥയിലേക്കു പറഞ്ഞു വിടാന്‍ ഒരുക്കം നടക്കുന്നതിനിടയിലാണ് ലോക പാമ്പ് ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 15ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ കണ്ണൂരിലെത്തുന്നത്. തുടർന്നാണ് കാട്ടിൽ വിടുന്നതിനു മുന്‍പ് അതിനെ കാണണമെന്ന് മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും മാര്‍ക്ക് പ്രവര്‍ത്തകരും ചേർന്ന് പാമ്പുമായി കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ പോയി മന്ത്രിയെ കണ്ടു. മന്ത്രി ആ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലും ഇട്ടു. ഇതോടെയാണ് സംഭവം വിവാദമായത്.
നടന്നത് നിയമ ലംഘനമാണെന്ന് തിരിച്ചറിഞ്ഞ അഭിഭാഷകന്‍ കൂടിയായ കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനനാണ് മന്ത്രിയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പാമ്പിനെ മന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയതിനെ വിമർശിച്ചു കൊണ്ട് ആദ്യം രംഗത്തു വന്നത്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മേയറുടെ വിമർശനം.
കണ്ണൂര്‍ മേയറുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :
“പാമ്പ് മന്ത്രിയെ തേടി വരട്ടെ… അതല്ലേ ഹീറോയിസം…” ഇതോടൊപ്പം ഉള്ളത് ഒരു ദിവസം മുൻപ് പത്രത്തിൽ വന്ന ഒരു വാർത്തയുടെ കട്ടിങ് ആണ്. പരിക്കുപറ്റി ചികിത്സയിലിരുന്ന പാമ്പിനെ മന്ത്രിയെ കാണിക്കാനായി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് ചാക്കിൽ കെട്ടി കൊണ്ടുവന്നുവത്രേ.! കഷ്ടം…!എന്തിനാണ് ബഹുമാനപ്പെട്ട മന്ത്രി ഈ മിണ്ടാപ്രാണിയോട്, അതും പരിക്കുപറ്റി കിടക്കുന്ന ഒരു ജീവിയോട് ഇത്തരത്തിൽ ക്രൂരമാകുന്നത്?. പരിക്കേറ്റ ഒരു ജീവിയെ ഇത്തരത്തിൽ അനാവശ്യമായി കൊണ്ടുപോയി ബുദ്ധിമുട്ടിക്കുന്നത് ഒരർത്ഥത്തിൽ പറഞ്ഞാൽ മൃഗങ്ങളോടുള്ള ക്രൂരത തന്നെ അല്ലേ?. മന്ത്രിക്ക് അതിനെ കാണണമെന്നുണ്ടെങ്കിൽ അതിനെ ചികിത്സിക്കുന്ന സ്ഥലത്തോ മറ്റോ പോകാമായിരുന്നില്ലേ?. അതിനോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറാൻ എങ്ങനെയാണ് ഒരു മന്ത്രിക്ക് സാധിക്കുന്നത്?.
ജനങ്ങളുടെ ഇടയിൽ എത്തിപ്പെടുന്ന ഇത്തരം പാമ്പുകളെ അവർക്ക് വിട്ടു കൊടുക്കാതെ പാമ്പുകളുടെ തനതായ ആവാസ വ്യവസ്ഥയിലേക്ക് പറഞ്ഞയച്ച് സുരക്ഷിതമാക്കുന്നതിന് ‘മാർക്ക്’ പോലുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇതിനെ ശുശ്രൂഷിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ബുദ്ധിമുട്ടുകൾ നന്നായി അറിയുന്നവരാണ് ഇവർ. മന്ത്രി ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചാൽ, കഴിഞ്ഞ ഒമ്പത് മാസമായി അതിനെ ശുശ്രൂഷിക്കുന്നതിന് നേതൃത്വം കൊടുത്ത ‘മാർക്കി’ന്റെ പ്രവർത്തകർക്ക് ‘നോ’ പറയാമായിരുന്നു. നാളെ ഇതുപോലെ വനത്തിലും മറ്റും പരിക്കേറ്റ് കഴിയുന്ന മറ്റേതെങ്കിലും മൃഗങ്ങളെ കാണാൻ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചാൽ
അതിനെ ഒക്കെ വകുപ്പിലെ ഉദ്യോഗസ്ഥർ ഇതുപോലെ ഗസ്റ്റ്ഹൗസിലോ മന്ത്രിയുടെ ഓഫീസിലോ മറ്റോ എത്തിക്കേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ.
ഏതായാലും ഇപ്പോൾ പരിക്കേറ്റത് ഒരു പാമ്പ് ആയത് വകുപ്പിൽ ഉള്ള ഉദ്യോഗസ്ഥരുടെ ഭാഗ്യം. വല്ല കടുവയോ, സിംഹമോ, കരടിയോ മറ്റോ ആയിരുന്നെങ്കിൽ പെട്ട് പോയേനെ.
ഇതൊക്കെ കാണുമ്പോൾ ‘ഉദയനാണ് താരം’ എന്ന സിനിമയിൽ ശ്രീനിവാസൻ കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്. ” (പാമ്പ് മന്ത്രിയെ തേടി വരട്ടെ). അതല്ലേ ഹീറോയിസം.. ”
വാലറ്റം : പട്ടിയുടെ കുര കേട്ട് മനസ്സലിവ് തോന്നി ജന്തു സ്നേഹികൾ നടത്തുന്ന ഒരു സ്ഥാപനം തിടുക്കത്തിൽ ഏറ്റെടുക്കാനായി കടലാസും പേനയുമായി (രക്ഷിക്കാനുള്ള തിരക്കിനിടയിൽ കടലാസിൽ സീൽ പോലും വെക്കാൻ മറന്ന് പോയി) ഓടിവന്നവരൊക്കെ ഇപ്പോൾ നാട്ടിൽ തന്നെ ഉണ്ടല്ലോ.അല്ലേ.
Post Your Comments