Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

ലിംഗം കൊണ്ടല്ല കുട്ടികളെ പഠിപ്പിക്കുന്നത്, സ്ത്രീവേഷം കെട്ടിയ പുരുഷനെന്നു പരിഹാസം: ദയാവധത്തിന് അപ്പീൽ നൽകിയ അനീറ

വേദനയുണ്ടായത് അധ്യാപകരില്‍ നിന്നാണ്.

തൃശ്ശൂർ:  രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമുണ്ടായിട്ടും ട്രാന്‍സ് വനിത ആയതിനാല്‍ മാത്രം ജോലി നഷ്ടമായ ട്രാന്‍സ് യുവതി ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി നിയമ സഹായം തേടിയത് വലിയ വാർത്തയായിരുന്നു. ട്രാൻസ് യുവതി അനീറ കബീറാണ് ട്രാന്‍സ് വുമണ്‍ ആയതിന്റെ പേരില്‍ എവിടെയും ജോലി കിട്ടാത്ത അവസ്ഥയാണെന്നും കുടുംബം പോലും തന്നെ തള്ളിക്കളഞ്ഞുവെന്നും പറഞ്ഞാണ് ദയാവധം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടത്. തനിക്ക് നേരിടേണ്ടി വന്ന പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞ അനീറയുടെ വാക്കുകൾ ചർച്ചയാകുന്നു.

read also: ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ : ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് അഭ്യര്‍ത്ഥന

അനീറ കബീർ പറയുന്നത് ഇങ്ങനെ.. ‘ഞാനൊരു ട്രാന്‍സ് വുമണ്‍ ആയതിന്റെ പേരില്‍ എവിടെയും ജോലി കിട്ടാത്ത അവസ്ഥ ഉണ്ടായി. മതിയായ യോഗ്യതകളെല്ലാം ഉണ്ടായിട്ടും ട്രാന്‍സ് വനിതയായത് കൊണ്ട് മാത്രം അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഇത് പതിവായിത്തുടങ്ങിയതോടെ പോകുന്ന സ്‌കൂളുകളില്‍ നിന്ന് ഞാന്‍ ഇക്കാര്യം എഴുതി വാങ്ങാന്‍ തുടങ്ങി. ഞാന്‍ അവിടെ അഭിമുഖത്തിന് ചെന്നിരുന്നുവെന്നും, നിരസിക്കപ്പെട്ടുവെന്നും എഴുതി വാങ്ങി. അവസാനം ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഞാന്‍ പുരുഷനെപ്പോലെ അഭിമുഖത്തിനായി ചെന്നു. പുരുഷന്‍മാരുടേത് പോലെ അയഞ്ഞ പാന്റ്സും ഷര്‍ട്ടുമൊക്കെയിട്ടാണ് പോയത്. മാസ്‌കെല്ലാം ഉണ്ടായിരുന്നത് കൊണ്ട് പുരുഷനെന്ന് വിചാരിച്ച്‌ അവര്‍ എന്നെ ജോലിക്കടുത്തു. എന്നും അങ്ങനെ വേഷം കെട്ടി സ്‌കൂളില്‍ പോകാന്‍ കഴിയില്ലല്ലോ.

ട്രാന്‍സ് വ്യക്തിത്വം ഞാന്‍ തുറന്ന് പറഞ്ഞതോടെ സ്‌കൂളില്‍ വലിയ എതിര്‍പ്പായി. കുട്ടികളോട് ഞാന്‍ ലൈംഗീക ചുവയോടെ പെരുമാറുമോ എന്നതൊക്കെ ആയിരുന്നു അധ്യാപകരുടെ ആശങ്ക. എങ്ങനെ ക്ലാസെടുക്കുമെന്നെല്ലാം അവര്‍ ചോദിക്കാന്‍ തുടങ്ങി. ഒരു പാട് ബുദ്ധിമുട്ടുകള്‍ അതേത്തുടര്‍ന്നുണ്ടായി. സീനിയര്‍ പോസ്റ്റിലേക്ക് സ്ഥിരം നിയമനം വന്നപ്പോള്‍ ജോലി ചെയ്തിരുന്ന എന്നെ ഒഴിവാക്കിയാണ് സ്‌കൂള്‍ അധികൃതര്‍ നിയമനം നടത്തിയത്. എന്നെയല്ല പറഞ്ഞുവിടേണ്ടതെന്ന് അധികൃതരോട് ഞാന്‍ തുറന്ന് പറഞ്ഞിരുന്നു. ഫലമുണ്ടായില്ല.

ഒരു പുരുഷനായി ജീവിച്ച കാലത്ത് ഞാന്‍ ഇതേ സ്‌കൂളില്‍ യുപിയില്‍ ഒരു വര്‍ഷത്തോളവും ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും പഠിപ്പിച്ചിരുന്നു. എന്റെ കുട്ടികള്‍ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത്. എന്നെ അവര്‍ ഒരു സ്ത്രീയായാണ് കണ്ടിരുന്നത്. ഒരുതരത്തിലുള്ള വിവേചനവും കുട്ടികളില്‍ നിന്ന് നേരിടേണ്ടി വന്നില്ല. ചില കുട്ടികള്‍ നേരിട്ട് ഇക്കാര്യം തുറന്ന് സംസാരിച്ചിട്ടുണ്ട്. എങ്ങനെയായിരുന്നു എന്റെ അധ്യാപനം എന്ന് കുട്ടികളോട് ചോദിക്കാം. ആര് ചോദിച്ചാലും കുട്ടികള്‍ കൃത്യമായി പറയും. വേദനയുണ്ടായത് അധ്യാപകരില്‍ നിന്നാണ്. അധ്യാപകരെ വിലയിരുത്തേണ്ടത് അധ്യാപന രീതി കൊണ്ടും കുട്ടികള്‍ക്ക് എത്രത്തോളം കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുന്നു എന്നതും പരിഗണിച്ചല്ലേ? ലിംഗം കൊണ്ടല്ലല്ലോ ക്ലാസെടുക്കുന്നത്? അത് നമ്മുടൈ അധ്യാപകര്‍ മനസിലാക്കേണ്ടതുണ്ട്. അത് പോലും മനസിലാക്കാതെയുള്ള പെരുമാറ്റം സഹിക്കാനാവാതെ ആയി. ജീവിതം ഒരുതരത്തിലും ഇനി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് വന്നതോടെയാണ് മനംനൊന്ത് ദയവധത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്.

എന്റെ സ്വത്വത്തില്‍ ജീവിക്കുന്നതിനെ ഞാനൊരിക്കലും ഭയപ്പെട്ടിരുന്നില്ല. പക്ഷേ സമൂഹം ഇതിനെ എങ്ങനെ കാണുമെന്നും അംഗീകരിക്കുമെന്നും വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. വളര ഓര്‍ത്തഡോക്സ് ആയ കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വന്നത്. അതുകൊണ്ട് തന്നെ എന്ത് വന്നാലും നേരിടുമെന്നും അതിജീവിക്കുമെന്നും ഞാന്‍ മനസില്‍ ഉറപ്പിച്ചു. പക്ഷേ വീട്ടുകാരും സമൂഹവും എതിരായിരുന്നു. കണ്‍വേര്‍ഷന്‍ തെറാപ്പി നടത്തി എന്നെ പുരുഷനാക്കി മാറ്റി ഒരു സ്ത്രീയെ വിവാഹം കഴിച്ച്‌ നല്‍കാനൊക്കെ വീട്ടുകാര്‍ ശ്രമിച്ചു. അങ്ങനെ ചെയ്തു. വളരെ പ്രതിസന്ധിയുണ്ടായ സമയമായിരുന്നു അത്. അന്ന് ട്രാന്‍സ് ആക്റ്റൊന്നും ഇല്ല. സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്ന് പറഞ്ഞാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. വീട്ടുകാരുടെയും സമൂഹത്തിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി പുരുഷനായി ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഹോര്‍മോണുകള്‍ കുത്തിവച്ചു. പക്ഷേ അത് നടക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടില്‍ സ്വത്വം തുറന്ന് പറഞ്ഞു. വീട്ടുകാര്‍ കയ്യൊഴിഞ്ഞു. ജീവിതം വഴിമുട്ടിയതോടെ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. അതും വിജയിച്ചില്ല. അവിടെ നിന്ന് എന്നെപോലെയുള്ളവര്‍ക്കായി ജീവിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button