ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നയത്തിനെതിരേ പാര്‍ലമെന്റിന് മുന്നില്‍ തങ്ങള്‍ സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കര്‍ഷകരുടെ സമരം ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം കര്‍ഷകര്‍ തള്ളി.
പാര്‍ലമെന്റ് ധര്‍ണയില്‍ കര്‍ഷകരുടെ എണ്ണം ഇരുന്നൂറില്‍നിന്ന് കുറയ്ക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അതേസമയം, കര്‍ഷകരുമായി തിങ്കളാഴ്ച രാവിലെ പോലീസ് വീണ്ടും ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെ ഡല്‍ഹിയിലെ ഏഴ് മെട്രോ സ്റ്റേഷനുകളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമയം മുഴുവന്‍ ധര്‍ണ നീണ്ടുനില്‍ക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. ജൂലൈ 22ന് ആരംഭിക്കന്ന വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 13 ന് അവസാനിക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനും താങ്ങുവില നിയമം നടപ്പാക്കാനുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Post Your Comments