കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതിയായ സജിമോന്റെ ഡ്രൈവറും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ അസ്‌കർ ബാബു, അമീർ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.
കവർച്ചാ സംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് സഹായങ്ങൾ ചെയ്തു നൽകിയത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഇക്കാര്യം ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു. ഗൾഫിൽ നിന്നു സജിമോന് അയച്ചു കിട്ടിയ ഫോട്ടോ വിമാനത്താവളത്തിനുള്ളിൽ നിലയുറപ്പിച്ച അമീറിന് സജിമോൻ ഫോർവേർഡ് ചെയ്തിരുന്നു. ഇറങ്ങിയാൽ അറിയിക്കണമെന്നും വസ്ത്രം മാറാൻ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമുള്ള നിർദ്ദേശ പ്രകാരം കാര്യങ്ങൾ അപ്പപ്പോൾ അമീർ സജിമോനെ അറിയിച്ചു കൊണ്ടിരുന്നു. ആ വിവരമാണ് സജിമോൻ ലൈവായി ഗൾഫിലേക്ക് അറിയിച്ചു കൊണ്ടിരുന്നത്.
മണിക്കൂറുകളോളം നേരം അർജുൻ ആയങ്കിയെ ഇയാൾ നിരീക്ഷിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. ആയങ്കി കാറിൽ കയറി പോകുന്ന വിവരം അപ്പോൾ തന്നെ സജിമോനെ അറിയിച്ചതും ഇയാളാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംഘാംഗങ്ങൾ ആയങ്കിയെ പിന്തുടർന്നതും അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും.
കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്‌കർ വിമാനത്താവളത്തിൽ നിന്നും കാരിയർമാരെ പുറത്തെത്തിച്ച് റിസീവർക്ക് കൈമാറുകയും പലപ്പോഴും സ്വർണ്ണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട്. അത്തരത്തിൽ കൊടുവള്ളി – താമരശ്ശേരി ഭാഗത്തുള്ള സ്വർണ്ണക്കടത്തുകാരുമായി ഇയാൾക്ക് നല്ല ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Post Your Comments