ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മാമം അഷ്ടമുടി ബ്യൂട്ടി പാര്‍ലറിൽ ജോലിക്കിടെ അഞ്ചു ജീവനക്കാര്‍ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വെസ്റ്റ് ബംഗാള്‍ സ്വദേശി സുസ്മിത മണ്ഡല് (27), സിക്കിം സ്വദേശികളായ സൗമ്യ (25), ഗ്രേസി (24), ഡാര്‍ജ്ലിങ് സ്വദേശി സഞ്ജു (25), ആറ്റിങ്ങല്‍ സ്വദേശി മിനി (45) എന്നിവരാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. ബ്യൂട്ടി പാര്‍ലറിനുള്ളില്‍ നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി അവശനിലയിലായ ജീവനക്കാരെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചു.
ഓക്സിജന്‍ നല്‍കിയാണ് ഇവരുടെ ജീവന് രക്ഷിച്ചതെന്നും വിഷവാതകം ഉള്ളില്‍ ചെന്നാണ് ഇവര്‍ കുഴഞ്ഞുവീണതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ അപകടനില തരണം ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട് വധുവിനെയും ബന്ധുക്കളെയും ഒരുക്കുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. ഉച്ചയോടെ വധുവും കൂട്ടരും പോയിരുന്നു. വധുവിന്റെ ചില ബന്ധുക്കളെ ഒരുക്കുന്നതിനിടയിലാണ് ജീവനക്കാര്‍ കുഴഞ്ഞുവീണത്. അടച്ചിട്ട പാര്‍ലറില്‍ രാവിലെമുതല്‍ എ.സി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ജനറേറ്ററില്‍നിന്നുള്ള വിഷപ്പുകയാകാം അപകടകാരണമെന്ന് കരുതപ്പെടുന്നു.
Post Your Comments