പാരീസ്: എസി മിലാൻ വിട്ട ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി കരാറിൽ ഒപ്പുവെച്ചു. 2026 ജൂൺ വരെയുള്ള അഞ്ച് വർഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്. മെഡിക്കൽ വിജയകരമായി പൂർത്തിയാക്കിയ താരം ക്ലബുമായി കരാറിൽ ഒപ്പുവെയ്ക്കുകയായിരുന്നു. വമ്പൻ ക്ലബിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും ഇറ്റാലിയൻ കീപ്പർ പറഞ്ഞു.
എസി മിലാനു വേണ്ടി 16 വയസും 242 ദിവസവും പ്രായമുള്ളപ്പോൾ സീരി എയിൽ അരങ്ങേറ്റം നടത്തിയ ഡൊന്നരുമ്മ 251 മത്സരങ്ങളിൽ ഗോൾ വല കാത്തിട്ടുണ്ട്. ടീമിനെ കഴിഞ്ഞ സീസണിൽ സീരി എയിൽ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ച താരം കൂടിയാണ് ഡൊന്നരുമ്മ. കൂടാതെ 2020 യൂറോ കപ്പിൽ ഇറ്റലിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച താരം കൂടിയാണ് ഡൊന്നരുമ്മ.
Read Also:- കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാൻ വെള്ളരിക്ക
ഇംഗ്ലണ്ടിനെതിരായ യൂറോ കപ്പ് ഫൈനലിൽ ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞ ഡൊന്നരുമ്മ മത്സരത്തിൽ മികച്ച ഗോൾ കീപ്പറും യൂറോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഗോളിയെന്ന നേട്ടവും താരം സ്വന്തമാക്കി. ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് വൈകാരികമായ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. നല്ല മാറ്റങ്ങൾക്ക് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് താരം ഇൻസ്റ്റയിൽ കുറിച്ചത്.
Post Your Comments