തിരുവനന്തപുരം: സിപിഎം നേതാവും ആറ്റിങ്ങല്‍ മുന്‍ എംപിയുമായ എ സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസര്‍ എന്ന നിലയില്‍ കൈപറ്റിയത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖ. ശമ്പളം, യാത്രാ ബത്ത, മെഡിക്കല്‍ ആനുകൂല്യം എന്നിങ്ങനെയാണ് 22,74,346 രൂപ കൈപറ്റിയത്. കൊച്ചിയിലെ ‘ദ പ്രോപ്പര്‍ ചാനല്‍’ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
19 മാസത്തിനിടെയാണ് ഇത്രയും തുക കൈപറ്റിയത്. ശമ്പള ഇനത്തില്‍ 14,88,244 രൂപ, യാത്രാ ബത്ത 8,51,952 രൂപ, മെഡിക്കല്‍ ആനുകൂല്യം 4150 രൂപ എന്നിങ്ങനെയാണ് തുക കൈപറ്റിയത്. 2019 ആഗസ്റ്റിലാണ് സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം രാജിവെക്കുകയും ചെയ്തു.
സമ്പത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവാദമായിരുന്നു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് രാഷ്ട്രീയ നിയമനം നടത്തി ബാധ്യത കൂട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നായിരുന്നു സര്‍ക്കാർ നൽകിയ വിശദീകരണം.
Post Your Comments