ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ സൂപ്പർ താരം മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടമായി. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലറാണ് മിതാലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. പാകിസ്ഥാൻ വനിതകൾക്കെതിരായ ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ താരത്തെ സഹായിച്ചത്.
പാകിസ്ഥാനെതിരായ മത്സരത്തിൽ പുറത്താകാതെ 105 റൺസും മൂന്ന് വിക്കറ്റും സ്റ്റെഫാനി നേടിയിരുന്നു. പുതുക്കിയ ഐസിസി റാങ്കിങ് പ്രകാരം സ്റ്റെഫാനിക്ക് 766 പോയിന്റും രണ്ടാം സ്ഥാനത്തുള്ള മിതാലിക്ക് 762 പോയിന്റുമാണുള്ളത്. ഓൾറൗണ്ടർമാരുടെ പട്ടികയിലും സ്റ്റെഫാനിയാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ എൽസി പെറിയെ പിന്തള്ളിയാണ് സ്റ്റെഫാനി ഒന്നാം സ്ഥാനത്തെത്തിയത്.
ഏകദിന ബൗളർമാരിൽ സീനിയർ പേസർ ജൂലാൻ ഗോസ്വാമിയും (5) ഓൾറൗണ്ടർമാരിൽ ദീപ്തി ശർമയും (5) ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ വനിതാ താരങ്ങളാണ്. ടി20 ബാറ്റിംഗ് റാങ്കിങിൽ ഇന്ത്യയുടെ യുവ പ്രതിഭ ഷഫാലി വർമ്മ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓപ്പണർ സമൃതി മന്ദാന നാലാം സ്ഥാനവും, ബൗളർമാരിൽ പൂനം യാദവും, രാധാ യാദവും ഏഴും എട്ടും സ്ഥാനങ്ങളിലും തുടരുന്നു.
Post Your Comments