ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ലോകകപ്പില്‍ നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും ലോക റെക്കോഡ് സ്വന്തമാക്കി നായിക മിതാലിരാജ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അർധ സെഞ്ച്വറി നേടിയതോടെയാണ് മിതാലി അപൂര്‍വ്വ റെക്കോഡിന് ഉടമയായത്. മത്സരത്തില്‍ അർധ സെഞ്ച്വറി നേടിയതോടെ വനിതാ ലോകകപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ കൂടിയ താരമായുമാണ് മിതാലി മാറിയത്.
ഞായറാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ മത്സരത്തില്‍ 84 പന്തുകളില്‍ 68 റണ്‍സാണ് താരം എടുത്തത്. 39-ാം വയസ്സിലാണ് മിതാലി ഇന്ത്യയ്ക്കായി ലോകകപ്പില്‍ അർധ സെഞ്ച്വറി നേടുന്നത്. നേരത്തേ, 2000ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെയായിരുന്നു താരം ഏറ്റവും പ്രായം കുറഞ്ഞ ഈ നേട്ടം കൈവരിക്കുന്ന താരമായി മാറിയതും.
നിര്‍ണ്ണായക മത്സരത്തില്‍, ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടൂര്‍ണമെന്‍റില്‍ നിന്ന് മടക്കം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഇന്ത്യ 274/7 (50), ദക്ഷിണാഫ്രിക്ക 275/7 (50).
Post Your Comments