
ഡൽഹി: സർക്കാർ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്ഥാൻ ഹാക്കർമാർ ശ്രമം നടത്തിയതായി കണ്ടെത്തൽ. അമേരിക്കയിലെ ലൂമൻ ടെക്നോളജീസിന്റെ സൈബർ കുറ്റകൃത്യങ്ങളുടെ നിരീക്ഷണ വിഭാഗമായ’ ബ്ളാക്ക് ലോട്ടസ് ലാബ്’ ആണ് ഇക്കാര്യം കണ്ടെത്തിയത്. വിദൂര നിയന്ത്രിതമായ ‘റാറ്റ്’ ട്രോജൻ വൈറസിനെ പാക്ക് ഹാക്കർമാർ ഇന്ത്യൻ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കൽ ബെഞ്ചമിൻ വ്യക്തമാക്കി.
രാജ്യത്തിനു വെളിയിൽ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കാൻ സാധിക്കുന്ന ‘റാറ്റ്’ അഥവാ ‘റിമോട്ട് അക്സസ് ട്രോജൻ’ വൈറസുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ‘റാറ്റ്’ വൈറസിനെ മറ്റ് വെബ്സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
പാക്ക് ഹാക്കർമാർക്ക് ചൈനയുടെ സഹായം ലഭിച്ചതായും സൂചനയുണ്ട്. ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചത് പാകിസ്ഥാൻ നെറ്റ്‌വർക്കായ സോങ്ങ് 4 ജിയാണ്. ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കായ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി എന്നതാണ് ഇക്കാര്യത്തിൽ ചൈനയുടെ പങ്കിനെകുറിച്ച് സംശയങ്ങൾ ബലപ്പെടുത്തുന്നത്.
Post Your Comments