ന്യൂഡല്‍ഹി: താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ ഫരീദ് മാമുണ്ട്‌സെ. സൈനിക സഹായമല്ല പ്രതീക്ഷിക്കുന്നതെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇന്ത്യയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഫരീദ് മാമുണ്ട്‌സെ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും 376 ജില്ലകളില്‍ 150-ഉം ഇപ്പോള്‍ പ്രശ്‌നബാധിത പ്രദേശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും നിലവില്‍ പോരാട്ടത്തിലാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്. നാലായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ഭാഗങ്ങളില്‍ പലയിടത്തും കലാപകാരികള്‍ പിടിച്ചടക്കിയിരിക്കുയാണ്. കഴിഞ്ഞ ദിവസം ഫരിയാബ് പ്രവിശ്യയില്‍ 22 സര്‍ക്കാര്‍ സൈനികരെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി’ – ഫരീദ് മുണ്ട്‌സെ പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ്. സൈനികരെ പിന്‍വലിക്കുകയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ പൂർണമായും പിടിച്ചടക്കാനൊരുങ്ങുകയാണ് താലിബാന്‍. ദോഹയില്‍ വെച്ച് താലിബാനുമായി അഫ്ഗാനിസ്ഥാന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍: ആദ്യ ഘട്ടത്തിന് തുടക്കം
Post Your Comments