ന്യൂഡൽഹി: 2022 ലെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ വിശാല സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്താന്‍ ശക്തമായ സഖ്യമുണ്ടാക്കാന്‍ ബി.എസ്.പി ഉള്‍പ്പെടെ ആരുമായും കൂട്ടുകൂടാന്‍ മടിയില്ലെന്നും വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ ആസാദ് പറഞ്ഞു.
‘ഉത്തര്‍പ്രദേശിലെ യോഗിയുടെ ഭരണവാഴ്ച അവസാനിപ്പിച്ചേ മതിയാകൂ. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബി.എസ്.പി. കേന്ദ്രസര്‍ക്കാരിനോട് ഒരു മൃദു സമീപനമാണ് സ്വീകരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ ഭയന്നാണ് ഇത്. സ്ഥാപക നേതാവായ കാന്‍ഷിറാമിന്റെ ആദര്‍ശങ്ങളൊക്കെ ബി.എസ്.പി. മറന്നിരിക്കുന്നു. ദേശീയ തലത്തില്‍ ആ പാര്‍ട്ടിയ്ക്കുണ്ടായ വ്യക്തിത്വം നഷ്ടമായിരിക്കുകയാണ്,’ ചന്ദ്രശേഖര്‍ പറഞ്ഞു.
സ്ഥാപക നേതാവായ കന്‍ഷിറാമിന്റെ ആദര്ശങ്ങള്ക്കെതിരെ പ്രവര്‍ത്തിക്കുന്ന മായാവതിയുടെ ബി.എസ്.പിക്ക് വ്യക്തിത്വം നഷ്ടമായി. ബി.എസ്.പിക്ക് ബദലാണ് സമാജ് പാര്‍ട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസുമായി അകല്‍ച്ചയില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.
Post Your Comments