ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വീഴ്ച്ച വരുത്തരുതെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രോഗവ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച്ച വരുത്തുന്നതിൽ ഐഎംഎ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും അടുത്തിടെയാണ് രാജ്യം പുറത്തുകടക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയതോതിൽ കൂട്ടംചേരുന്നത് അപകടകരമാണെന്നാണ് ഐഎംഎ അറിയിക്കുന്നത്. വിനോദ സഞ്ചാരം, തീർത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണെന്നും എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കണമെന്നും ഐഎംഎ പറഞ്ഞു. ഇത്തരം സ്ഥലങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് ബാധിക്കുന്ന രോഗികളെ ചികിത്സിക്കുകയും അതിലൂടെ സാമ്പത്തിക മേഖലയിൽ ആഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ നല്ലത് സാമ്പത്തിക നഷ്ടം സഹിച്ച് ഇത്തരം വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴിയും വാക്സിൻ കുത്തിവെയ്പ്പിലൂടെയും രണ്ടാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനായിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.
Post Your Comments