കൊച്ചി : മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത് പറഞ്ഞാലും പ്രതികരിക്കില്ലെന്നും കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഇനി ഒരിക്കലും ഒരു രൂപ പോലും കേരളത്തിൽ മുടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ എംഎൽഎമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം.
രാജകീയ സ്വീകരണമാണ് തനിക്ക് തെലങ്കാനയിൽ ലഭിച്ചത്. ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് കൂടുതൽ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും രണ്ട് പാർക്കുകളാണ് തെലങ്കാനയിൽ കണ്ടത്. ഒന്ന് ടെക്സറ്റൈയിൽസിന് വേണ്ടി വാറങ്കലും മറ്റേത് ജനറൽപാർക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എംഎൽഎയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എംഎൽഎമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂർ എം എൽ എ, മൂവാറ്റുപുഴ എംഎൽഎ, തൃക്കാക്കര എംഎൽഎ, എറണാകുളം എംഎൽഎ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എൽ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമർശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
Post Your Comments