കൊച്ചി: ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണുവിന്റെ മൊഴി എടുത്തു. കവരത്തി പൊലീസ് ആണ് വിഷ്ണുവിന്റെ മൊഴി എടുത്തത്. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ കോവിഡ് വൈറസിനെ ബയോ വെപ്പണ്‍ ആയി ഉപയോഗിച്ചു എന്ന ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്കെതിരെ കേസെടുത്തത്. ആ ദിവസം ബി.ജെ.പി പ്രതിനിധിയായി പങ്കെടുത്തത് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണുവായിരുന്നു.
കവരത്തി സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അമീറിന്റെ നേതൃത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തിയാണ് വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ഐഷ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞ പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യപ്പെടുകയും തുടര്‍ന്ന് പരാമര്‍ശം താന്‍ പിന്‍വലിക്കില്ലെന്നും തന്റെ പ്രസ്താവന ശരിയാണെന്നും അതിന്റെ ഉത്തരവദിത്വം ഏറ്റെടുത്ത് അതില്‍ ഉറച്ചു നില്‍ക്കുകയാണ് ഐഷ ചെയ്തതെന്ന് അദ്ദേഹം മൊഴിയില്‍ പറഞ്ഞു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ലെന്നും തുടര്‍ന്ന് ലക്ഷദീപ് ബിജെപി അധ്യക്ഷന്‍ നടത്തിയ പരാതിയിലാണ് കവരത്തി പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതെന്നും ബി.ജി.വിഷ്ണു പറഞ്ഞു.
Post Your Comments