ന്യൂഡല്‍ഹി: ഒഡീഷയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി അശ്വിനി വൈഷ്ണവാണ് രാജ്യത്തിന്റെ പുതിയ റെയില്‍വേ മന്ത്രി. ഒപ്പം കമ്മ്യൂണിക്കേഷന്‍, ഐടി മന്ത്രാലയങ്ങളുടെ തലവനും കൂടിയാണ് അദ്ദേഹം. മുന്‍ ഐഎഎസ് ഓഫീസര്‍, ഐഐടി കാണ്‍പുര്‍, വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി, സംരംഭകന്‍, വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികളിലൂടെയാണ് അശ്വിനി വൈഷ്ണവ് മോദി മന്ത്രിസഭയിലെത്തുന്നത്.
മുന്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ എന്നതിലുപരി, ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെ പഠിച്ച ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)യിലെ പൂര്‍വവിദ്യാര്‍ഥിയുമാണ്. ഐ.ടിക്കു പുറമേ മറ്റ് പ്രധാനവകുപ്പുകളായ റെയില്‍വേയും വാര്‍ത്താവിനിമയവും അശ്വിനിയെ ഏല്‍പ്പിച്ചതിലൂടെ മോദി അദ്ദേഹത്തിലര്‍പ്പിച്ച വിശ്വാസത്തിന്റെ ആഴം വ്യക്‌തമാകുന്നു. ഐ.ടി, വാര്‍ത്താവിനിമയവകുപ്പുകളെ നയിക്കാന്‍ ഐ.ഐ.ടി. വിദ്യാഭ്യാസമെന്നപോലെ, റെയില്‍വേയെ നയിക്കാന്‍ പ്രശസ്‌തമായ പെന്‍സില്‍വാനിയ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള വാര്‍ട്ടന്‍ സ്‌കൂളില്‍നിന്നുള്ള എം.ബി.എ. ബിരുദവും അശ്വിനിക്കു പ്ലസ് പോയിന്റാണ്.
ഒഡീഷയില്‍നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം മുമ്പ് ബാലസോര്‍, കട്ടക് എന്നിവിടങ്ങളില്‍ ജില്ലാ കലക്‌ടറായിരുന്നു. ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക് തുടങ്ങിയ ആഗോള സാമൂഹികമാധ്യമഭീമന്‍മാരുമായുള്ള തര്‍ക്കങ്ങള്‍ക്കും നിയമയുദ്ധത്തിനുമിടെ കേന്ദ്രമന്ത്രിസ്‌ഥാനം നഷ്‌ടമായ മുതിര്‍ന്നനേതാവ് രവിശങ്കര്‍ പ്രസാദിന്റെ പിന്‍ഗാമിയായാണ് അശ്വിനി ഐ.ടി. വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്. സാമൂഹികമാധ്യമകുത്തകകളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണു 130 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യ. ഈ സാഹചര്യത്തില്‍, സാമൂഹികമാധ്യമങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാനുള്ള മുന്‍ഗാമിയുടെ ശ്രമങ്ങളെ അശ്വിനി നയപരമായി എങ്ങനെ കൈകാര്യം ചെയ്യുമെന്നതാകും രാജ്യവും ലോകവും ഉറ്റുനോക്കുക.
എന്‍ജിനീയറിങ് ബിരുദധാരിയായ അശ്വിനി ഐ.എ.എസില്‍ പ്രവേശിച്ചശേഷമാണു വാര്‍ട്ടന്‍ സ്‌കൂളില്‍നിന്ന് എം.ബി.എ. നേടിയത്. ജനറല്‍ ഇലക്‌ട്രിക്കല്‍സ്, സീമെന്‍ തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച അനുഭവപരിചയവുമുണ്ട്. എ.ബി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവര്‍ത്തിച്ചു.
വാര്‍ട്ടന്‍ പഠനകാലത്ത് അശ്വിനി ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നെന്നു സഹപാഠിയും സിംഗപ്പുര്‍ ഇ-കൊമേഴ്‌സ്, ഫിന്‍ടെക് കമ്പനിയായ ‘ഉല’യുടെ സി.ഇ.ഒയുമായ നിപുന്‍ മെഹ്‌റ പറഞ്ഞു. വാര്‍ട്ടന്‍ പഠനകാലത്തു സഹപാഠികളേക്കാളെല്ലാം മുതിര്‍ന്നയാളും ഉന്നതോദ്യോഗസ്‌ഥനുമായിരുന്നു അശ്വിനി. അതുകൊണ്ടുതന്നെ ക്ലാസിലുള്ളവര്‍ക്ക് അദ്ദേഹത്തില്‍നിന്നുതന്നെ പലതും പഠിക്കാനുണ്ടായിരുന്നെന്നു മെഹ്‌റ ഓര്‍മിച്ചു.
ബാലസോറിലും കട്ടക്കിലും ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു. 1999-ലെ വിനാശകരമായ സൂപ്പര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചു. 2004-ല്‍ എന്‍ഡിഎക്ക് അധികാരം നഷ്ടമായതിന് ശേഷം വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.2012-ല്‍ അദ്ദേഹം ഗുജറാത്തില്‍ രണ്ട് ഓട്ടോമോട്ടീവ് ഘടക നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചു. 2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ബിജെഡിയുടെ പിന്തുണയോടെയാണ് രാജ്യസഭയിലെത്തിയത്.
Post Your Comments