അഹമ്മദാബാദ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാനൊരുങ്ങി ഹരിയാനയും ഗുജറാത്തും. ഗുജറാത്തിൽ ജൂലായ് 15-മുതൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി കോളേജുകളും തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം.
50 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. വിദ്യാർഥികൾ സ്വമേധയാ തയ്യാറാണെങ്കിൽ മാത്രം വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വന്നാൽ മതിയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹാജർ നിർബന്ധമില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വേണം സ്‌കൂളുകളും കോളേജുകളും തുറക്കേണ്ടതെന്നാണ് നിർദ്ദേശം. മാസ്‌കും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല പ്രിൻസിപ്പൽമാർക്കാണ്. ഏതാനും ദിവസങ്ങളായി ഗുജറാത്തിലും ഹരിയാനയിലും പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഹരിയാനയിൽ ഒമ്പത് മുതൽ 12 വരെയുള്ളവർക്ക് ജൂലൈ 16 മുതൽ ക്ലാസുകൾ ആരംഭിക്കും. രണ്ടാം ഘട്ടമായി 6,7,8 ക്ലാസുകളിലെ കുട്ടികൾക്ക് ജൂലായ് 23 മുതലാണ് ക്ലാസ് തുടങ്ങുക. ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരും. ഹരിയാനയിലും ഹാജർ നിർബന്ധമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്‌കൂളുകളിൽ വരണോ ഓൺലൈൻ ക്ലാസിൽ തുടരണമോ എന്നത് സംബന്ധിച്ച തീരുമാനം രക്ഷിതാക്കൾക്ക് സ്വീകരിക്കാം. സ്‌കൂളുകളിൽ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. സമ്മതപത്രം ഇല്ലാത്തവരെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കില്ല.
Read Also: ടാറ്റാ പവർ കേരളത്തിലേക്കും: പുരപ്പുറ സൗരോർജ്ജ കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി
Post Your Comments