കാസര്‍കോഡ്: സംസ്ഥാനത്ത് വീണ്ടും മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയ യുവഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് കുണിയയിലെ അബ്ദുല്‍ സത്താറിനെയാണ് കാസര്‍കോഡ് ടൗണ്‍ എസ്.ഐ. സുമേഷ് അറസ്റ്റ് ചെയ്തത്. അര്‍മേനിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയെന്ന് പറയുന്ന ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഹാജരാക്കിയില്ലെന്ന് പൊലീസ് പറഞ്ഞു. സി.ജെ.എം.കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍സത്താറിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ‌് ചെയ്തു.
മുളിയാര്‍ പൊവ്വലിലെ ജാഫറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കര്‍ണാടകയിലെ പെരിയപട്ടണത്തിനടുത്ത് ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തിയ ഇയാള്‍ പിന്നീട് അവിടെ നിന്ന് മുങ്ങുകയായിരുന്നു. ഇതിനെതുടർന്നാണ് പരാതിയും അന്വേഷണവും ഉണ്ടായത്.
കാസര്‍കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലും ഇയാള്‍ ചികിത്സ നടത്തിയതായി പോലീസ് പറഞ്ഞു. അതേ സമയം ഇയാള്‍ സമ്പാദിച്ചുവെന്ന് പറയുന്ന മെഡിക്കല്‍ ബിരുദം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ല. മെഡിക്കല്‍ രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് വ്യാജ ഡോക്ടർമാർ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രൈവറ്റ് ഹോസ്പിറ്റലുകളിലും മറ്റും ഇപ്പോഴും മതിയായ യോഗ്യതകൾ ഇല്ലാത്ത അനേകം യുവ ഡോക്ടർമാരുണ്ട്.
Post Your Comments