ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തില്‍ അദ്ദേഹം മുൻകൈയ്യെടുത്തു പുതുതായി നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്ത് പൊലീസ്. സെഹോര്‍ ജില്ലയിലെ ബുധ്നി മണ്ഡലത്തിലാണ് പാലം. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്സിങ് ചൗഹാന്റെ മണ്ഡലമാണിത്. എം.എല്‍.എ സജ്ജന്‍ സിങ് വര്‍മക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷനല്‍ ഓഫിസര്‍ സോമേഷ് ശ്രീവാസ്തവിന്റെ പരാതിയിലാണ് കേസ്.
സെഹോര്‍ ജില്ലയിലെ നസ്റുല്ലഗഞ്ചിനെയും ദേവസ് ജില്ലയില്‍ ഖാടെഗാവിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പാലം. കഴിഞ്ഞവര്‍ഷം മണ്‍സൂണില്‍ പാലം തകര്‍ന്നിരുന്നു. തുടര്‍ന്ന് നാലു കോടി മുതല്‍ മുടക്കി പുനര്‍നിര്‍മിക്കുകയായിരുന്നു. പാലത്തിന്റെ ബലപരിശോധന നടത്തിയിട്ടില്ലെന്നും അതിനാല്‍ രണ്ടുമൂന്നു ദിവസത്തിന് ശേഷം മാത്രമേ ഉദ്ഘാടനം ചെയ്യാവൂവെന്നും അധികൃതര്‍ അറിയിച്ചു.
പാലത്തിന്റെ ഭാരപരിശോധന ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍, ജൂണ്‍ 30ന് സജ്ജന്‍ സിങ് ഇത് ഉദ്ഘാടനം ചെയ്യുകയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയുമായിരുന്നുവെന്ന് ശ്രീവാസ്തവ് നല്‍കിയ പരാതിയില്‍ പറയുന്നു. വര്‍മയെ കൂടാതെ എട്ടോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം പാലം ഉദ്ഘാടനത്തിന് തയാറായിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുനല്കിയിട്ടില്ലെന്നും എം.എല്‍.എ പ്രതികരിച്ചു. താന്‍ ഉദ്ഘാടനം നടത്തിയ നടപടി മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും സജ്ജന്‍ സിങ് ആരോപിച്ചു.
Post Your Comments