ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയുടെ പേരില്‍ വന്‍ തട്ടിപ്പ്. കേസില്‍ സാമൂഹിക ക്ഷേമ മന്ത്രി ബി. ശ്രീരാമുലുവിന്റെ സഹായി അറസ്റ്റിലായി. വര്‍ഷങ്ങളായി ശ്രീരാമുലുവിനൊപ്പമുള്ള രാജു എന്ന രാജണ്ണയെയാണ് (40) ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. വിജയേന്ദ്രയുമായി അടുത്ത ബന്ധമാണെന്ന് പറഞ്ഞ് നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തും കരാറുകള്‍ നല്‍കാമെന്ന് പറഞ്ഞും രാജണ്ണ പണം വാങ്ങിയെന്ന് ആരോപിച്ച് ബി.വൈ. വിജയേന്ദ്ര സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കേസെടുത്ത സി.സി.ബി ബംഗളൂരുവിലെ മന്ത്രി ബി. ശ്രീരാമുലുവിന്റെ വസതിയില്‍നിന്നാണ് രാജണ്ണയെ അറസ്റ്റ് ചെയ്തത്. ശ്രീരാമുലുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയാണ് രാജണ്ണ അറിയപ്പെട്ടിരുന്നതെങ്കിലും ഇക്കാര്യം പൊലീസും മന്ത്രിയും നിഷേധിച്ചു. മന്ത്രിയുടെ വസതിയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് ബസവേശ്വര സര്‍ക്കിളിലെ ചാലൂക്യ ഹോട്ടലില്‍നിന്നാണ് പിടികൂടിയതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. വിജയേന്ദ്രയെ അടുത്തറിയാമെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്നും പണം ഈടാക്കി ജോലിയും മറ്റു കരാറുകളും നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ ആളുകളുമായി സംസാരിക്കുന്ന രാജണ്ണയുടെ നിരവധി ശബ്ദസന്ദേശവും വിജയേന്ദ്ര പൊലീസില്‍ നല്‍കിയിരുന്നു.
ബെള്ളാരിയില്‍ തന്നോടൊപ്പം 20 വര്‍ഷമായി കൂടെയുള്ള രാജണ്ണ ഓഫിസ് സ്റ്റാഫോ പേഴ്‌സണല്‍ സ്റ്റാഫോ അല്ലെന്നും ഓഫിസില്‍ ഔദ്യോഗിക പദവിയൊന്നും വഹിച്ചിരുന്നില്ലെന്നുമാണ് മന്ത്രി ബി. ശ്രീരാമുലുവിന്റെ വിശദീകരണം. രാജണ്ണയുമായി പരിചയമുണ്ടെങ്കിലും അയാള്‍ ഇത്തരത്തില്‍ ഇടപാട് നടത്തുന്നത് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയെയും വിജയേന്ദ്രയെയും അറിയിച്ച് അവസാനിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments