തിരുവനന്തപുരം: ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ഡിവൈഎഫ്‌ഐയുടെ ബന്ധം അദ്ദേഹം ചോദ്യം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.മുരളീധരന്‍ ഡിവൈഎഫ്‌ഐയ്‌ക്കെതിരെ രംഗത്തെത്തിയത്.
പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോയെന്ന് മുരളീധരന്‍ ചോദിച്ചു. ലക്ഷദ്വീപിന് വേണ്ടിയും രാജ്യവിരുദ്ധ പ്രസ്താവന നടത്തുന്നവര്‍ക്ക് വേണ്ടിയും രംഗത്തെത്തുന്നവര്‍ ഇപ്പോള്‍ എവിടെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ബലാത്സംഗ കേസുകളും വനം കൊള്ളയുമെല്ലാം കേരളത്തില്‍ നടക്കുന്നുണ്ടെന്നിരിക്കെ ബുദ്ധി ജീവികള്‍ മൗനം പാലിക്കുന്നതും മുരളീധരന്‍ ചോദ്യം ചെയ്തു.
ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ ഗോദ്ര സംഭവം നടക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെന്നും അത് 100 ശതമാനം സത്യമാണെന്നും മുകേഷ് എംഎല്‍എ അടുത്തിടെ പറഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുകേഷിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുഹമ്മദ് റിയാസും ഗോദ്ര സംഭവവുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ വാക്കുകളെ ഉയര്‍ത്തിക്കാട്ടിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍’ എന്ന് ആഗ്രഹിച്ച കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോ….?
അതോ ഡിവൈഎഫ്‌ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്‌ക്കളങ്കര്‍…..?
ഡിവൈഎഫ്‌ഐ ഉള്ളതുകൊണ്ട് കേരളത്തിന് ‘സാംസ്‌ക്കാരികമായും സാമ്പത്തികമായും’ ഉണ്ടാവുന്ന ഉന്നമനത്തില്‍ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ….?
പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷന്‍ ഇടപാടുകളുടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കന്‍മാര്‍ മൗനം പുലര്‍ത്തുന്നതെന്ത് …? ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷന്‍ ഇടപാടുകളില്‍ ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്നതില്‍ കലാപ്രേമികള്‍ അഭിമാനിക്കുന്നുണ്ടോ..?
ബലാല്‍സംഗക്കേസുകളുടെ എണ്ണത്തില്‍ ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ തുലോം മുകളിലാണ് ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്ന് കണക്കുകള്‍ പറയുന്നല്ലോ….?
ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവര്‍ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത് …….?
രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവര്‍ക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവര്‍ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് …..?
കേരള പോലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും താന്‍പോരിമയും മൂലം പൊലിഞ്ഞ പെണ്‍കുട്ടികളെയോര്‍ത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് …?
രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികള്‍ മുഖം തിരിയ്ക്കുന്നതെന്ത് ….?
ഇടത് ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തില്‍….
നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരന്‍മാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ….
Post Your Comments