Kerala

കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം: മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിത അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന യുവതി അറസ്റ്റില്‍. ഒട്ടേറെ പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അധ്യാപികയായ യുവതിയാണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ബാഡൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപികയും കേരള തുളു അക്കാദമി മുന്‍ അംഗവുമായ സച്ചിത റൈയെ (27) ആണ് ഡിവൈഎസ്പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പെര്‍ള ഷേണി ബെല്‍ത്താജെ സ്വദേശിയാണ് ഇവര്‍.

വൈകിട്ട് 4.30ന് അഭിഭാഷകനെ കണ്ടശേഷം കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് നാടകീയമായ അറസ്റ്റ്.കുമ്പള കിദുര്‍ സ്വദേശിനിക്ക് തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരെ പിന്നീട് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ആഴ്ചകളായി സച്ചിത ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ക്കെതിരെ കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസര്‍കോട്, ആദൂര്‍, മേല്‍പറമ്പ്, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിപിസിആര്‍ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കര്‍ണാടക എക്‌സൈസ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതി. സച്ചിതയുടെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കും, കാനറ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കുമാണ് ഇവര്‍ പണം അയക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ബാങ്കുകള്‍ വഴി അഞ്ച് കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് പോലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. ഉഡുപ്പി കേന്ദ്രീകരിച്ച് റിക്രൂട്ടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താര്‍ എന്നയാള്‍ വഴിയാണ് സച്ചിത പണം തട്ടിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.മൂന്നര വര്‍ഷമായി സച്ചിതാറൈ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രംഗത്തുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. രാഷ്ട്രീയക്കാരി എന്ന നിലയിലും അധ്യാപിക എന്ന നിലയിലും പ്രവര്‍ത്തിക്കുന്ന സച്ചിതറൈയിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button