തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിൽ വികാരധീനനായി ലോക്നാഥ് ബെഹ്‌റ. സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം എസ് എ പി മൈതാനത്തായിരുന്നു ചടങ്ങ്. മറുപടി പ്രസംഗത്തില്‍ താനൊരു മലയാളിയാണെന്നും താൻ മുണ്ടുടുക്കുമെന്നും വ്യക്തമാക്കിയ ബെഹ്‌റ ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതാണെന്നും പറഞ്ഞു. കേരള പൊലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും, കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുത്തു. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരിൽ നിന്നും അനിൽകാന്തിനെയാണ് മന്ത്രിസഭാ തെരഞ്ഞെടുത്തത്. സുധേഷ് കുമാര്‍, ബി സന്ധ്യ എന്നിവരെ പിന്തള്ളിയായിരുന്നു അനില്‍കാന്തിനെ മന്ത്രിസഭാ സംസ്ഥാന പോലീസ് മേധാവിയായി തിരഞ്ഞെടുത്തത്. പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രീംകോടതി വിധി.
കടുത്ത നിലപാടുകൾ കൊണ്ടും കൃത്യമായ ഇടപെടലുകൾ കൊണ്ടും പിണറായി സർക്കാർ ഭരണകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഡി ജി പി യായിരുന്നു ബെഹ്‌റ. വിരമിക്കലിനു മുന്നോടിയായി അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു.
Post Your Comments