ഇസ്ലാമാബാദ്: പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. എഫ്.എ.ടി.എഫ് മുന്നോട്ടുവെച്ച 27 നിര്‍ദ്ദേശങ്ങളില്‍ 26 എണ്ണവും പാകിസ്താന് നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനം വിജയം കണ്ടില്ലെന്ന് എഫ്.എ.ടി.എഫ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ചില ശക്തികള്‍ക്ക് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനോട് താത്പ്പര്യമുണ്ടെന്ന് ഖുറേഷി ആരോപിച്ചു. എഫ്.എ.ടി.എഫ് മുന്നോട്ടുവെച്ച 27 നിര്‍ദ്ദേശങ്ങളില്‍ 26 എണ്ണവും പൂര്‍ത്തിയാക്കിയെന്നും അവസാന നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എഫ്.എ.ടി.എഫിന് രഷ്ട്രീയ താത്പ്പര്യങ്ങളുണ്ടെന്ന് ഖുറേഷി പറഞ്ഞതായി റേഡിയോ പാകിസ്താന് റിപ്പോര്‍ട്ട് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതില്‍ പാകിസ്താന് സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു എഫ്.എ.ടി.എഫിന്റെ വിലയിരുത്തല്‍. ജൂണ്‍ 21 മുതല്‍ 25 വരെ നീണ്ടുനിന്ന പ്രത്യേക യോഗത്തിന് ശേഷമാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്നും ഇപ്പോള്‍ നീക്കേണ്ടതില്ലെന്ന് എഫ്.എ.ടി.എഫ് തീരുമാനിച്ചത്. യുഎന്നിന്റെ പട്ടികയിലുള്ള ഭീകരരായ ഹാഫിസ് സയിദ്, മസൂദ് അസര്‍ എന്നിവരെക്കുറിച്ചും ഭീകരസംഘടനകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും എഫ്.എ.ടി.എഫ് പാകിസ്താന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments