ബെംഗളൂരു : രാജ്യത്ത് സെപ്റ്റംബറോടെ ഏഴ് പുതിയ വാക്സിനുകൾ വിതരണം ചെയ്യാനാകുമെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന്‍ ഡോ. നരേന്ദ്ര കുമാർ അറോറ. അമേരിക്കന്‍ വാക്സിനായ ഫൈസറും ഇന്ത്യയില്‍ വിതരണം തുടങ്ങാനായുള്ള അവസാനവട്ട ചർച്ചകളിലാണെന്നു അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിർമിക്കുന്ന സൈകോവ് ഡി. നടപടികൾ പൂർത്തിയായാല്‍ ഡി.എന്‍.എ പ്ലാസ്മിഡ് സാങ്കേതിക വിദ്യയില്‍ നിർമിക്കുന്ന ലോകത്തെ ആദ്യ വാക്സീനാകും. കുട്ടികൾക്കും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീന്‍ കൂടിയാണിത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ നിർമിക്കുന്ന കോർബേവാക്സ്. പ്രോട്ടീന്‍ സബ്യൂണിറ്റ് വാക്സീനായ കോർബേവാക്സിന്‍റെ 30 കോടി ഡോസിന് നേരത്തെതന്നെ കേന്ദ്രസർക്കാർ ഓർഡർ നല്‍കിയിരുന്നു.
ഭാരത് ബയോടെക് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് നിർമിക്കുന്നതാണ് ഇന്‍ട്രാ നാസല്‍ വാക്സീന്‍. മൂക്കിലൂടെ നല്‍കാവുന്ന സിംഗിൾ ഡോസ് വാക്സീനായ ഇത് ഒരു ബില്യൺ ഡോസാണ് ഉല്‍പാദിപ്പിക്കുന്നത്.അമേരിക്കന്‍ കമ്പനിയായ നൊവാവാക്സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രാജ്യത്ത് നിർമിക്കുന്ന നൊവാവാക്സ്. 20 കോടി ഡോസ് നൊവാവാക്സീനാണ് ഉല്‍പാദിപ്പിക്കുക.
ഏഴില്‍ അഞ്ച് വാക്സിനും രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വാക്സീന്‍ ക്ഷാമം ഇതോടെ ഇല്ലാതാകുമെന്നാണ് ഡോ. നരേന്ദ്ര കുമാർ അറോറ പറയുന്നത്. മൂന്നാം തരംഗത്തിന് മുൻപായി ദിവസം ഒരു കോടി പേർക്ക് വാക്സീന്‍ നല്‍കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി.
Post Your Comments