കൊല്ലം: വിസ്മയ കേസിൽ ഭർത്തവ കിരണിനെതിരെയുള്ള ആരോപണത്തിൽ വിസ്മയയുടെ കുടുംബം ഉറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ കിരണിനു കുരുക്ക് മുറുകും. ജനവികാരം കിരണിനെതിരായ സാഹചര്യത്തിൽ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സംഭവത്തിൽ കിരണിന്റെ സഹോദരി ഭർത്താവ് മുകേഷിനെയും പോലീസ് ചോദ്യം ചെയ്തു. മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തട്ടിലായിരുന്നു ചോദ്യം ചെയ്യൽ.
കിരണിൻ്റെ സഹോദരി കീർത്തിയുടെ ഭർത്താവാണ് മുകേഷ്. സഹോദരിയുടെ വീട്ടിൽ പോയി അളിയനുമായി കമ്പനി കൂടി തിരിച്ചെത്തുമ്പോഴാണ് കിരൺ വിസ്മയയെ കൂടുതൽ മർദ്ദിച്ചിരുന്നതെന്ന് യുവതി പറഞ്ഞതായി സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയെങ്കിൽ ഗാർഹിക പീഡനത്തിൽ അവരും പങ്കാളിയാണ്. ഇവരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വിസ്മയയുടെ കുടുംബം ആരോപിക്കുന്നു. മുകേഷ് എരി കയറ്റിയതിനാലാണ് കിരൺ തന്നെ ഉപദ്രവിക്കുന്നതെന്നാണ് വിസ്മയ ആവർത്തിച്ച് കൂട്ടുകാരികളോട് പറഞ്ഞിരുന്നത്. വിസ്മയയുടെ സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. തൻ്റെ പെങ്ങളെ സ്ത്രീധനം നൽകിയാണ് വിവാഹം കഴിപ്പിച്ചതെന്നും അതിൻ്റെ കടങ്ങൾ ഉണ്ടെന്നും കിരൺ വിസ്മയയോട് പറഞ്ഞിരുന്നു.
അതേസമയം, വിസ്മയയുടേത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പൊലീസിന് അത് ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തതു കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ആയ കിരണിനു നിയമ വശങ്ങൾ അറിയാവുന്നതിനാൽ വിസ്മയെ ഇല്ലാതാക്കിയത് ആണെങ്കിൽ കൂടി അത് മറയ്ക്കാൻ ഉള്ള പഴുതുകൾ തേടിയിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു.
Post Your Comments