ബംഗ്ലാദേശ്: കണ്ണുകൾ അടച്ചുപിടിച്ച് പൊട്ടിച്ചിരിക്കുന്ന ഇമോജി ഹറാമെന്ന വിചിത്ര വാദവുമായി ബംഗ്ലാദേശിലെ പ്രശസ്തനായ മുസ്ലിം പണ്ഡിതൻ രംഗത്ത്. മറ്റൊരാളെ പരിഹസിക്കുന്നതിനെക്കുറിച്ചും, തമാശ പറയുന്നതിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തുന്നതിനിടയിലാണ് ഫേസ്ബുക്കിലെ ഈ ഇമോജിയെക്കുറിച്ചും മുസ്ലിം പണ്ഡിതനായ അഹ്മദുല്ല തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മൂന്ന് മില്യണിലധികം ഫോളോവേഴ്സ് ആണ് സോഷ്യൽ മീഡിയയിൽ അഹ്മദുല്ലക്ക് ഉള്ളത്.
മുസ്ലിം വിഭാഗത്തിൽ പെട്ടവർ ഫേസ്ബുക്കിലെ ‘ഹാ ഹാ’ ഇമോജി ഉപയോഗിക്കരുതെന്ന് ഫത്വ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ മത വിഷയങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി നിരന്തരം ടെലിവിഷൻ ചാനലുകളിൽ എത്തുന്ന വ്യക്തിയാണ് അഹ്മദുല്ല. പ്രസ്താവനയെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തിന് എതിരെ വിമർശനങ്ങളുമായി രംഗത്ത് എത്തിയത്.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഹ്മദുല്ല വിവാദമായ പരാമർശം നടത്തിയത്. ‘ഹാ ഹാ’ റിയാക്ഷൻ ലഭിക്കുന്ന വ്യക്തിയും ഈ റിയാക്ഷൻ തമാശ രൂപേണ എടുക്കുകയാണെങ്കിൽ കുഴപ്പമില്ലെന്നും അല്ലാത്ത പക്ഷം ഇത്തരം റിയാക്ഷനുകൾ ഹറാമായി കണക്കാക്കുമെന്നും അഹ്മദുല്ല പറയുന്നു. ഇസ്ലാം മതം പരിഹാസം നിരോധിച്ചതിനാൽ ഇത്തരം റിയാക്ഷനുകൾ ഉപയോഗിക്കൽ ഹറാം ആണെന്നും ഏത് സാഹചര്യത്തിലാണെങ്കിലും ‘ഹാ ഹാ’ യുടെ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി..
അതേസമയം, അദ്ദേഹത്തിന്റെ വിവാദ പരാമർശമടങ്ങിയ പോസ്റ്റിന് ആയിരത്തിലധികം പേര് ‘ഹാ ഹാ’ എന്ന് പ്രതികരിച്ചിട്ടുണ്ട്.
Leave a Comment