മുംബൈ: മഹാ വികാസ് അഘാടി സഖ്യത്തില്‍ വിള്ളല്‍ വീഴുന്നതായി റിപ്പോര്‍ട്ട്. ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പഴയ തട്ടകത്തിലേയ്ക്ക് തിരികെ പോകണമെന്ന് ശിവസേന നേതാക്കള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതായാണ് വിവരം. ബിജെപിയോടൊപ്പം നില്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവിന് മേല്‍ ചില നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കാണ് ബിജെപി-ശിവസേന സഖ്യം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ ബിജെപിയോടൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയോടൊപ്പം നില്‍ക്കുന്നത് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആത്മവിശ്വാസം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി സര്‍നായിക് ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു.
മഹാ വികാസ് അഘാടി അധിക കാലം നിലനില്‍ക്കില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെ അടുത്തിടെ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയ്ക്കുള്ളില്‍ തന്നെ ബിജെപി സഖ്യമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു നാന പടോലെയുടെ പരാമര്‍ശം. സ്വയം മുഖ്യമന്ത്രിയാകാനുള്ള താത്പ്പര്യവും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
Post Your Comments