കൊച്ചി: നടനും അവതാരകനുമായി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. 2.8 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സും, രണ്ടരക്കോടിയിലേറെ വ്യൂസും ചാനലിനുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് വരുമാനം കോവിഡ് സഹായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കുകയാണ് താരം.
ഗോവിന്ദ് പത്മസൂര്യയുടെ വാക്കുകൾ ഇങ്ങനെ.
‘യൂട്യൂബ് ഇഷ്ടമാണ്. കഥ പറയാൻ ഇഷ്ടമാണ്. ഇതിൽ നിന്നുള്ള വരുമാനം കാര്യമാക്കിയിരുന്നില്ല. അഞ്ചോ ആറോ സ്റ്റാഫിനായി ശമ്പളം കൊടുക്കുന്നുണ്ട്. എന്നാലും യൂട്യൂബിൽ വീഡിയോ ചെയ്യുന്നത് സന്തോഷകരമാണ്. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറച്ച് പണം കൊടുക്കാമെന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെയാണ് പട്ടാമ്പിയിലെ കമ്മ്യൂണിറ്റി കിച്ചനെ പറ്റി അറിഞ്ഞത്. വളരെ ആത്മാർത്ഥതയോടെ കുറച്ചാളുകൾ അവിടെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ അവിടെ ഒരു ദിവസത്തെ (അഞ്ച് നേരത്തെ) ഫുഡ് സ്പോൺസർ ചെയ്തുകൊണ്ട് വരുമാനത്തിന്റെ ഒരു ഭാഗം ചെലവിട്ടു.
ഭക്ഷ്യ കിറ്റ് കിട്ടുന്നുണ്ടെങ്കിലും പലർക്കും പച്ചക്കറി കിട്ടുന്നില്ലെന്ന് മനസ്സിലായി. അഭിമാന പ്രശ്നമായി കാണുന്നതിനാൽ പലരും ഇതു പുറത്തുപറയാൻ മടിക്കുന്നു. അങ്ങനെ പച്ചക്കറി എത്തിക്കാനുള്ള തീരുമാനത്തിലെത്തി. ചേലക്കര, ഷൊർണൂർ പ്രദേശങ്ങളിലെ 400 ഓളം കുടുംബത്തിന് പച്ചക്കറി എത്തിച്ചു. ചാലിശ്ശേരി, പെരുണ്ണൂർ പ്രദേശത്തെ 200 ഓളം കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് എത്തിച്ചു. ആദ്യത്തേത് പോലെയല്ല, രണ്ടാമത്തെ ലോക്ക്ഡൗൺ ജനങ്ങളെ ഭീകരമായി ബാധിച്ചിട്ടുണ്ട്.
500 ഓളം കുട്ടികൾക്ക് പഠന സഹായികളും എത്തിച്ചുനൽകി. എന്റെ പണം അല്ല, ഈ യൂട്യൂബ് വീഡിയോകൾ കാണുന്ന നിങ്ങൾക്ക് കൂടി അവകാശപ്പെട്ട പണമാണിത്. കോവിഡ് റിലീഫിനായി നിങ്ങൾ വല്ലതും ചെയ്തോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു ലക്ഷം രൂപയുടെ സഹായം ചെയ്തുവെന്ന് നിങ്ങൾക്ക് ധൈര്യമായി പറയാം’
Post Your Comments