ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നില്‍ തലകുനിക്കുമെന്നും ഹര്‍ഷ് വര്ധന് പരിഹസിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള അജണ്ട ഇനി നടക്കില്ല. കോവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് ഹര്ഷവര്ധന് പറഞ്ഞു.
‘ജനങ്ങള്‍ക്കു കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ നല്‍കുന്നത് തമ്മിലുള്ള അന്തരം കൂട്ടാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലാണ് എടുത്തത്. ഡേറ്റ വിലയിരുത്തുന്നതിന് ഇന്ത്യയ്ക്കു ശക്തമായ സംവിധാനമുണ്ട്. ഇത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്’ – ഹര്ഷവര്ധന് ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്സിനേഷനാണെന്നും അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്സിന് ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ലെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments