മനാമ: ബഹ്‌റൈനില്‍ ഫേസ് മാസ്‌ക് പാക്കേജില്‍ ഒളിപ്പിച്ച് 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് കോടതി. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ കുറ്റക്കാരാണെന്ന് ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി.
മാര്‍ച്ച് ഒമ്പതിനാണ് കഞ്ചാവ് പാക്കേജ് ബംഗ്ലാദേശില്‍ നിന്ന് ദുബൈ വഴി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ലഹരിമരുന്ന് കടത്തുകയാണെന്ന് രഹസ്യ വിവരം ലഭിച്ച കെ-9 യൂണിറ്റ് വിദഗ്ധര്‍ ഇത് കൈപ്പറ്റാനെത്തുന്ന ആളിനായി വിമാനത്താവളത്തില്‍ കാത്തിരുന്നു. തുടര്‍ന്ന് 30കാരനായ പ്രതികളിലൊരാള്‍ ഈ പാക്കേജ് കൈപ്പറ്റാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ഇയാളാണ് മറ്റ് പ്രതികളെ കുറിച്ച് വിവരം നല്‍കിയത്. എന്നാല്‍ കുറ്റം നിഷേധിച്ച പ്രതി, റൂംമേറ്റിന് വേണ്ടിയാണ് പാക്കേജ് കൈപ്പറ്റാനെത്തിയതെന്നാണ് പറഞ്ഞത്. കഞ്ചാവ് ഉപയോഗിച്ചതിന് ഒരു ബംഗ്ലാദേശ് സ്വദേശിക്ക് 12 മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം നാലുപേരെയും നാടുകടത്തും.
Post Your Comments