
ന്യൂഡല്‍ഹി: പാകിസ്ഥാൻ അയച്ച മാമ്പഴം നിരസിച്ച് യുഎസും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍. നയതന്ത്രബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ‘മാമ്പഴ നയതന്ത്രം’ എന്ന പേരില്‍ 32 രാജ്യങ്ങളിലെ മേധാവികള്‍ക്കാണ് പാകിസ്ഥാന്‍ മാമ്പഴം അയച്ചത്. കൊറോണ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങള്‍ മാമ്പഴങ്ങള്‍ നിരസിച്ചത് .
ബുധനാഴ്ചയാണ് ചൗന്‍സാ മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്താന്‍ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികള്‍ വിദേശ രാജ്യങ്ങളിലെ തലവന്മാര്‍ക്ക് അയച്ചത്. മുന്‍പും ഇത്തരത്തില്‍ പാകിസ്ഥാന്‍ മാമ്പഴങ്ങള്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ ചൈനയും, അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ അവ നിരസിക്കുകയായിരുന്നു. കാനഡ, നേപ്പാള്‍, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ ഖേദം പ്രകടിപ്പിച്ചു .
Read Also: ആവശ്യമെങ്കിൽ അവർക്ക് നിയമസഹായം ലഭ്യമാക്കും: ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി സി.പി.ഐ
ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, റഷ്യ എന്നിവിടങ്ങളിലേക്കും മാമ്പഴ പെട്ടികള്‍ അയക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും മാമ്പഴ പെട്ടികള്‍ അയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, സമ്മാനം സ്വീകരിക്കുന്നതില്‍ ഫ്രാന്‍സ് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് മാമ്പഴ ഇനങ്ങളായ ‘അന്‍വര്‍ റാട്ടോള്‍’, ‘സിന്ധാരി’ എന്നിവയാണ് ഇത്തരത്തില്‍ പാകിസ്ഥാന്‍ അയച്ചത്.
Post Your Comments