Latest NewsNewsBahrainCrimeGulf

കഞ്ചാവ് വളർത്തി വില്പന: ബഹ്‌റൈനില്‍ നാലുപേർക്കെതിരെ നടപടി

മനാമ: ബഹ്‌റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ വിചാരണ. 30നും 43നും ഇടയില്‍ പ്രായമുള്ള നാല് സ്വദേശികളാണ് കഞ്ചാവ് വളർത്തി വില്‍പ്പന നടത്തിയതിനു ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. അതേസമയം കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചതായി ജിഡിഎന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന 43കാരനാണ് സംഘത്തിന്റെ നേതാവ്. ഇയാളാണ് ഷഖൂറയിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്. കുളിമുറിയില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ പ്രത്യേകം സജ്ജീകരിച്ചാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളർത്തിയിരുന്നത്. വന്‍ തോതില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഡിറ്റക്ടീവിന് രഹസ്യവിവരം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് അറസ്റ്റ് വാറന്റ് ലഭിച്ച ശേഷം 43കാരനായ പ്രധാന പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. കുളിമുറിയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയെന്നും ഇയാളുടെ കൂട്ടുപ്രതികളാണ് കഞ്ചാവ് വില്‍പ്പന നടത്താന്‍ സഹായിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ് കഞ്ചാവ് വളര്‍ത്തിയതെന്നും 2009 മുതല്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നുമാണ് പ്രധാന പ്രതി കോടതിയില്‍ പറഞ്ഞത്. സുഹൃത്താണ് കഞ്ചാവ് ചെടിയുടെ വിത്തുകള്‍ തന്നതെന്നും ഇവ വളര്‍ന്ന ശേഷം താനും സുഹൃത്തുക്കളും ചേര്‍ന്ന് കഞ്ചാവ് വലിക്കുമായിരുന്നെന്നും പ്രതി സമ്മതിക്കുകയുണ്ടായി. എന്നാല്‍ ഇവ വില്‍പ്പന നടത്തുന്നുണ്ടെന്ന കുറ്റം ഇയാള്‍ നിഷേധിച്ചു. പുനഃപരിശോധനയ്ക്കായി കേസിലെ വിചാരണ ജൂണ്‍ 22 വരെ മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button