കോവിഡ് വ്യാപനത്തെ തുടർന്ന് സ്വകാര്യ ഐ ടി കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ്. രണ്ടാം തരംഗം കൂടുതൽ കരുത്തോടെ ആയതോടെ ഇനി ഓഫീസിലെത്തി ജോലി ചെയ്യുക എന്നായിരിക്കുമെന്ന കാര്യത്തിൽ ആർക്കും യാതൊരു ഉറപ്പുമില്ല. അതിനാൽ എല്ലാവരും കൂടുതൽ സമയം മൊബൈൽ ഫോണിലും ലാപ്ടോപിലും ടിവിയിലുമാണ് ചെലവിടുന്നത്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർ ലാപ്പിലാണ് കണ്ണ് ഉഴിഞ്ഞ് വച്ചിരിക്കുന്നതെങ്കിൽ ജോലിക്ക് പോകാൻ കഴിയാതെ വീട്ടിലിരിക്കുന്നവരുടെ കണ്ണ് മൊബൈൽ ഫോണിലും ടിവിയിലുമാണ്.
ഈ പ്രവണത കണ്ണുകൾക്ക് ഇത് ദോഷം ചെയ്യുമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിരുന്നാലും വർക്ക് ഫ്രം ഹോം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗം ഡ്രൈനെസ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവയടക്കം പലതരം കണ്ണ് പ്രശ്‌നങ്ങൾക്കും കാരണമാകും. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യം ശ്രദ്ധിക്കേണ്ടത് ഇരിക്കുന്ന രീതി ആണ്. നിങ്ങൾ ജോലി ചെയ്യുമ്പോൾ ശരിയായ രീതിയിൽ അല്ല ഇരിക്കുന്നതെങ്കിൽ അത് കണ്ണിനെ ബാധിക്കും. കണ്ണിന്റെ സമ്മർദ്ദത്തിനെതിരായ പ്രതിരോധത്തിന്റെ ആദ്യ നിര എന്ന് പറയുന്നത് തന്നെ കൃത്യമായ ഇരിപ്പാണ്. പാദങ്ങൾ രണ്ടും തറയിൽ തൊട്ടായിരിക്കണം ജോലി ചെയ്യുമ്പോൾ കസേര/ചെയർ എന്നിവയിൽ ഇരിക്കേണ്ടത്. നിങ്ങളുടെ സ്‌ക്രീൻ നിങ്ങളുടെ സ്വാഭാവിക കാഴ്ചയുടെ തൊട്ടുതാഴെയായിരിക്കണം. കൈകൾ രണ്ടും കീബോർഡിനോട് ചേർന്നായിരിക്കണം എപ്പോഴും.
വീട്ടിലായിരിക്കുമ്പോൾ സ്‌ക്രീൻ ബ്രേക്ക് എടുക്കുക. കമ്പ്യൂട്ടർ/ലാപ്ടോപ് സ്‌ക്രീനുകൾക്ക് ആവശ്യമായ ബ്രൈറ്റ്നസ് നൽകിയാൽ മതി. കൂട്ടിയിട്ടാൽ അത് കണ്ണിനു പ്രശ്നമാകും. ഒരുപാട് ഇരുണ്ടതോ ഒരുപാട് വേളിച്ചമുള്ളിടത്തോ ആകരുത് ജോലി ചെയ്യാൻ ഇരിക്കേണ്ടത്. സൂര്യപ്രകാശം കണ്ണിലോ സ്‌ക്രീനിലോ പതിയാതിരിക്കാൻ ശ്രദ്ധിക്കുക.
അടുത്തതായി ശ്രദ്ധിക്കേണ്ടത് ലാപ്ടോപ്പിലെ ഫോണ്ട് സൈസ് ആണ്. കൃത്യമായ അളവിൽ ഇരുന്നാലും ബുദ്ധിമുട്ടില്ലാതെ അക്ഷരങ്ങൾ കാണാൻ കഴിയുന്ന തരത്തിലായിരിക്കണം ക്രമീകരിച്ചിരിക്കേണ്ടത്. ഇത് നിങ്ങളുടെ കണ്ണിലെ ചില സമ്മർദ്ദങ്ങൾ കുറയ്ക്കുകയും അനാവശ്യമായ ബുദ്ധിമുട്ട് തടയുകയും ചെയ്യും.
Also Read:മനുഷ്യസ്‌നേഹത്തിന്റെ നല്ല മാതൃക: ശ്മശാനങ്ങളിലെ തൊഴിലാളികൾക്ക് ആദരവ് അർപ്പിച്ച് മുഹമ്മദ് റിയാസ്
കണ്ണിന്റെ ആരോഗ്യത്തിനുളള ഭക്ഷണം കഴിക്കുക, കമ്പ്യൂട്ടർ ഗ്ലാസുകൾ ധരിക്കുക തുടങ്ങിവയിലൂടെ കണ്ണുകളെ അനാവശ്യ സമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. ഇതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന് കൂടെയുണ്ട്. ജോലിയിൽ നിന്ന് ഇടവേള എടുത്ത് നിങ്ങളുടെ സ്‌ക്രീൻ സമയം പരമാവധി കുറയ്ക്കുക. ഓരോ 15-20 മിനിറ്റിലും കുറച്ച് സെക്കൻഡ് കണ്ണുകൾ അടച്ച് സ്ക്രീനിൽ നോക്കാതെ വിശ്രമിക്കുക. ഓരോ 20 മിനിറ്റിലും, നിങ്ങളുടെ ശ്രദ്ധ സ്‌ക്രീനിൽ നിന്നും മാറ്റുക. നിങ്ങൾക്ക് കഴിയുമെങ്കിൽ, കമ്പ്യൂട്ടറിൽ നിന്ന് മാറി കുറച്ച് മിനിറ്റ് പുറത്ത് പോകുക.
ഓരോ രണ്ട് മണിക്കൂറിലും, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ മസാജ് ചെയ്യുക അല്ലെങ്കിൽ മുഖം കഴുകുക. നിങ്ങളുടെ കൈകൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക.നല്ല ക്വാളിറ്റിയുളള കണ്ണടകൾ ഉപയോഗിക്കുക. ബ്ലൂ-ലൈറ്റ്-ബ്ലോക്കിങ് ഗ്ലാസുകൾ ധരിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ വർക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ കണ്ണിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.
Post Your Comments