ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള കാരണം വ്യക്തമാക്കി ജിതിന്‍ പ്രസാദ. കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജിതിന്‍ പ്രസാദയുടെ പ്രതികരണം.
‘കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുകയെന്നത് ഒരിക്കലും തിരക്കിട്ട് എടുത്ത തീരുമാനമല്ല. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ജനങ്ങളുമായി ഇടപഴകുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ മനസിലായത്. ഒരിക്കലും ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍പോലും എനിക്ക് സാധിച്ചിരുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. അടിസ്ഥാനം നഷ്ടപ്പെട്ട് ദിശാബോധമില്ലാതെ മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നും അകന്നുകഴിഞ്ഞു’- ജിതിന്‍ പ്രസാദ പറഞ്ഞു.
ജനങ്ങളുമായുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അകലം ഇല്ലാതാക്കാന്‍ ഒരുപാട് പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ജിതിന്‍ പ്രസാദ വ്യക്തമാക്കി. ബിജെപിയില്‍ ഒരു സാധാരണ പ്രവര്‍ത്തകനായി ജനസേവനം നടത്തും. ആശയങ്ങളുടെ മികച്ച അടിത്തറയുള്ള പാര്‍ട്ടിയാണ് ബിജെപി. അത്തരമൊരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നത് വലിയ ബഹുമതിയാണെന്നും അച്ചടക്കമുള്ള പ്രവര്‍ത്തനമാണ് ബിജെപി കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments