ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കും എന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നില്‍ എസ്എഫ്‌ഐക്കും സുപ്രധാന പങ്കുണ്ടെന്ന് രാജ്യസഭാ എം.പിയായ വി.ശിവദാസന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എസ്.എഫ്.ഐ.ക്കുള്ള ക്രെഡിറ്റിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
Read Also : വലിയ വീട് വെച്ചവർക്ക് അതിന്റെ ആഡംബര നികുതി അടക്കേണ്ടി വരുന്നത് ദുരിതമാകുന്നു: പി.ടി.എ റഹീം എം.എല്‍.എ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
വി ശിവദാസന്റെ പ്രതികരണം: ‘ എസ്എഫ്ഐയെക്കുറിച്ച് പറയാതിരിക്കുവതെങ്ങനെ.. ഇതെഴുതുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന അഭിമാനബോധം പറഞ്ഞറിയിക്കുക പ്രയാസമാണ്. കാല്‍ നൂറ്റാണ്ടുകാലം എന്റെ ജീവിതമായിരുന്ന എസ.എഫ്.ഐ , കൂരിരുട്ടിലേക്ക് ഈ രാജ്യം വീണു പോയപ്പോള്‍ ഒരു വിളക്ക് കൊളുത്തി വച്ചിരിക്കുന്നു. നിങ്ങള്‍ എസ്എഫ്ഐയെ സ്‌നേഹിച്ചാലും ഇല്ലെങ്കിലും ആ വെളിച്ചം നിങ്ങളെ തൊടും. മുന്നോട്ടൊരടി വെക്കാന്‍ നിങ്ങള്‍ക്കത് വഴി കാട്ടും.
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യയിലെ ഇടതുപക്ഷം കഴിഞ്ഞ കുറേ നാളുകളായി നിരന്തരം സമരത്തിലാണ്. തൊഴിലാളികളും കര്‍ഷകരുമെല്ലാം ഈ പ്രചരണമേറ്റെടുത്തിരുന്നു. കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് മറ്റ് സംസ്ഥാനങ്ങളെ യോജിപ്പിച്ച് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുള്‍പ്പടെ നടത്തുകയും ചെയ്തു.
എസ്എഫ്ഐ തുടക്കത്തില്‍ തന്നെ സുപ്രീം കോടതിയെ സമീപിച്ചു. മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നും ഓക്‌സിജന്‍ കോണ്‍സന്‍ട്രേഷനുള്‍പ്പടെ ചുമത്തിയ ജി എസ് ടി പിന്‍വലിക്കണമെന്നും ഉള്‍പ്പടെ ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. ശ്വാസം മുട്ടി മരിക്കുന്ന രാജ്യത്തെ ഓരോ മനുഷ്യന്റെയും ശബ്ദമായി എസ്എഫ്ഐ മാറുകയായിരുന്നു. മറ്റേതെങ്കിലും വിദ്യാര്‍ഥി സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നില്ല.
ഇപ്പോഴിതാ സുപ്രീം കോടതിയുടെ ഇടപെടല്‍ ശക്തമായതോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം തങ്ങളേറ്റെടുക്കുന്നുവെന്ന് മടിച്ചും പേടിച്ച് വിറച്ചുമാണെങ്കിലും കേന്ദ്ര സര്‍ക്കാറിന് പറയേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് നടക്കുന്ന പലവിധ പ്രതിഷേധങ്ങള്‍ക്ക് ഭരണകൂടത്തെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കുന്നതില്‍ പങ്കുണ്ട്. അതില്‍ ഇടതുപക്ഷം നടത്തിയ ഇടവേളകളില്ലാത്ത ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. ഒരു രാജ്യം മുഴുവന്‍ ശവപ്പറമ്പായി മാറാതിരിക്കാനും ഒരു ജനതയാകെ അനാഥരാകാതിരിക്കാനും ആരോഗ്യം മനുഷ്യാവകാശമാണെന്ന് ആവര്‍ത്തിച്ച് മഹാമാരിയുടെ കാലത്ത് സംഘടിപ്പിച്ച സമരങ്ങള്‍ ചരിത്രത്തിലുണ്ടാകും. അതില്‍ തന്നെ ഏറ്റവും ഉജ്ജ്വലമായ ഇടപെടലാണ് പരമോന്നത കോടതിയെ സമീപിക്കുക വഴി എസ്എഫ്ഐ നടത്തിയത്.
‘ഈ രാജ്യത്ത് ഇടതുപക്ഷത്തിന് ഭാവിയുണ്ടോ എന്നതല്ല, ഈ രാജ്യത്തിന് ഇടതുപക്ഷമില്ലാതെ ഒരു ഭാവിയുണ്ടോ എന്നതാണ് ശരിയായ ചോദ്യ’ മെന്ന് പ്രഭാത് പട്‌നായ്ക്ക് എഴുതിയതെത്ര ശരി..! ഈ കാലത്തെ അതിജീവിക്കുന്നവര്‍ക്ക് എസ് എഫ് ഐയെ കൂടി അഭിവാദ്യം ചെയ്യാതെ കടന്നു പോകാനാകില്ല. ആ കൊടി പിടിച്ച് നടന്നൊരാള്‍ക്കും അക്കാലത്തെക്കുറിച്ച് ആവേശം കൊള്ളാതിരിക്കാനുമാകില്ല’.
Post Your Comments